വീടിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച ഗൃഹനാഥന്റെ സംസ്കാരം ഇന്ന്.

മൂവാറ്റുപുഴ: വീടിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച ഗൃഹനാഥൻറെ സംസ്കാരം ഇന്ന്. മാറാടി എയ്ഞ്ചൽ വോയിസ് ജംഗ്ഷന് സമീപം ആനിപ്പറതാഴ്ത്തി നു സമീപം പുലിയേലിവയലിൽ കൃഷ്ണൻകുട്ടി (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് വീടിന് തീപിടിച്ചത്. വീട് പൂർണമായും കത്തി നശിച്ചു. സംഭവസമയം കൃഷ്ണൻകുട്ടിയുടെ ഭാര്യ രാജമ്മയും മകൻ അഭിനന്ദും വീട്ടിലുണ്ടായിരുന്നില്ല. വളർത്തുനായ പൊള്ളലേറ്റ് ചത്തു. വീടിനുള്ളിൽ കെട്ടിയിട്ടിരുന്ന നായയെ രക്ഷിക്കാൻ ശ്രമിക്കവെയാണ് കൃഷ്ണൻകുട്ടിക്ക് പൊള്ളലേറ്റത് എന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. തീ പിടിത്തത്തിന് കാരണത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ തീപടർന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് കൃഷ്ണൻകുട്ടിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് 10ന് നഗരസഭാ ശ്മശാനത്തിൽ.

