കല്ലൂര്‍ക്കാട് ഗവആശുപത്രിയില് മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം അയച്ചു.

വാഴക്കുളം: കല്ലൂര്‍ക്കാട് ഗവണ്മെന്റ് ആശുപത്രിയില്‍ മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് കല്ലൂര്‍ക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം അയച്ചു. കലൂര്‍, നാകപ്പുഴ, പെരുമാങ്കണ്ടം, മണിയന്ത്രം, മരുതൂര്‍, വെള്ളാരംകല്ല്, മണലിപീടിക തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് അടിയന്തര ആരോഗ്യകാര്യങ്ങള്‍ക്ക് ഏക ആശ്രയമാണ് കല്ലൂര്‍ക്കാട് ഗവണ്മെന്റ് ആശുപത്രി.രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ഡോക്ടറുടെ സേവനം ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂ.
ചില ദിവസങ്ങളില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടാകാറുള്ളൂവെന്നും ഡോക്ടര്‍മാര്‍ സമയകൃത്യത പാലിക്കുന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സ്ഥിരമായി നിയമിച്ച ഫാര്‍മസിസ്റ്റ് പലപ്പോഴും ആശുപത്രിയില്‍ ഉണ്ടാകാറില്ലെന്നും ആരോപണമുണ്ട്.
ഫാര്‍മസിസ്റ്റിന്റെ അഭാവത്തില്‍ രോഗികള്‍ക്ക് മരുന്നുകള്‍ ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഡോക്ടര്‍ കുറിക്കുന്ന മരുന്നുകള്‍ പുറത്തുനിന്ന് വന്‍വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാര്‍.മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് പ്രാഥമിക ആരോഗ്യകേന്ദ്രം. മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആല്ബിന് രാജു പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ നിവേദനം തപാലിലയച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സജി കളപ്പുര, യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റുമാരായ നോബി ജോസ്, ജിബിന്‍ പിണക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.