മുവാറ്റുപുഴ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മുവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്കാ സഭ മുവാറ്റുപുഴ രൂപതയുടെ നേതൃത്വത്തില്‍ വിവിധ സഭാസമൂഹങ്ങളുടെ സഹകരണത്തോടെ മുവാറ്റുപുഴയില്‍ സംഘടിപ്പിക്കുന്ന നോമ്പുകാല ബൈബിള്‍ കണ്‍വന്‍ഷന്‍ 2020 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 6 മുതല്‍ 9 വരെ വാഴപ്പിള്ളി മാര്‍ ഈവാനിയോസ് നഗറില്‍ (മുവാറ്റുപുഴ കാത്തലിക് ബിഷപ്‌സ് ഹൗസ്) ദിവസവും വൈകുന്നേരം 4.30 മുതല്‍ 9 വരെയാണ് കണ്‍വന്‍ഷന്‍. 4.30ന് ജപമാല, 5ന് ദിവ്യബലി, 6.30ന് ഗാനശുശ്രൂഷ, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, 9ന് സമാപനം. മാര്‍ച്ച് 6ന് വൈകുന്നേരം 4.30ന് കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ ദിവ്യബലിയര്‍പ്പിച്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മാര്‍ച്ച് 7ന് മുവാറ്റുപുഴ രൂപത ബിഷപ് എമെരിത്തൂസ് ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത, മാര്‍ച്ച് 8ന് വിജയപുരം രൂപത ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തേച്ചേരില്‍ എന്നിവര്‍ ദിവ്യബലി അര്‍പ്പിക്കും. മാര്‍ച്ച് 9ന് മുവാറ്റുപുഴ രൂപത മെത്രാപ്പോലിത്ത യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് ദിവ്യബലി അര്‍പ്പിച്ച് സമാപന സന്ദേശം നല്‍കും. കണ്‍വന്‍ഷനോടനുബന്ധിച്ച് മാര്‍ച്ച് 9ന് രാവിലെ 10 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെയും കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കണ്‍വന്‍ഷനിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് മുവാറ്റുപുഴ മുന്‍സിപ്പല്‍ സ്റ്റേഡിയം, പേഴയ്ക്കാപ്പിള്ളി ഗ്രൗണ്ട് (കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നിന്ന് 3 കിലോമീറ്റര്‍), വിമലഗിരി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷനുശേഷം പെരുമ്പാവൂര്‍, കോതമംഗലം, തൊടുപുഴ, കോലഞ്ചേരി, പുത്തന്‍കുരിശ്, പിറവം, കൂത്താട്ടുകുളം മേഖലകളിലേക്ക് വാഹനസൗകര്യം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ മോ. ചെറിയാന്‍ ചെന്നിക്കര, പബ്ലിസിറ്റി ചെയര്‍മാന്‍ ഫാ. ജിനോ ആറ്റുമാലില്‍, കവീനര്‍ എഡിസണ്‍. ജി. വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.