എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ (ചൊവ്വാഴ്ച)തുടക്കം

മുവാറ്റുപുഴ : ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ വകുപ്പുകള്‍ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ പൊതുപരീക്ഷയാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷകള്‍ 26 നും വിഎച്ച്എസ്ഇ പരീക്ഷകള്‍ 27 നും അവസാനിക്കും. 13.74 ലക്ഷം കുട്ടികള്‍ എല്ലാ വിഭാഗത്തിലുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പൊതുവിദ്യഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് കേരളത്തില്‍ 2945 ഉം ലക്ഷദ്വീപില്‍, ഗള്‍ഫ് എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്.
4,24,214 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷകള്‍ എഴുതുന്നത്.
ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് കേരളത്തില്‍ 2009 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ലക്ഷദ്വീപില്‍ ഒന്‍പതും മാഹിയില്‍ ആറും ഗള്‍ഫില്‍ എട്ടും പരീക്ഷാകേന്ദ്രങ്ങളുമുണ്ട്. ഒന്നാം വര്‍ഷക്കാരായ 4,38,825 പേരും രണ്ടാം വര്‍ഷക്കാരായ 4,52,572 പേരുമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്.
കേരളത്തിലെ 389 കേന്ദ്രങ്ങളിലായി നടക്കുന്ന വിഎച്ച്എസ്ഇ പരീക്ഷയില്‍ ഒന്നാം വര്‍ഷക്കാരായ 27,203 പേരും രണ്ടാം വര്‍ഷക്കാരായ 29,178 പേരും പരീക്ഷ എഴുതുമെന്നും പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.