മലമ്പാമ്പുകളുടെ താവളമായി മുടവൂര്‍ പാടശേഖരം; കഴിഞ്ഞ രണ്ടാഴ്ചക്കിടെ പിടികൂടിയത് രണ്ട് മലമ്പാമ്പുകളെ

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ മുടവൂര്‍ പാടശേഖരത്ത് മലമ്പാമ്പുകളുടെ താവളമായി മാറിയിരിക്കുകയാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇവിടെ നിന്നും ജനവാസകേന്ദ്രത്തിലേയ്ക്ക് എത്തിയ രണ്ട് മലമ്പാമ്പുകളെയാണ് നാട്ടുകാര്‍ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. രണ്ടാഴ്ച മുമ്പാണ് മുടവൂര്‍ സ്വകാര്യ വിക്തിയുടെ പുരയിടത്തിലെത്തിയ മലമ്പാമ്പിനെ പാമ്പ് പിടുത്തക്കാരനായ ഷാജി സൈത്മുഹമ്മദ് പിടികൂടി കോടനാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഇന്നലെ വൈകിട്ട് നാലിന് ഇതിന് സമീപത്തുള്ള സ്വകാര്യ വിക്തിയുടെ പുരയിടത്തില്‍ നിന്നും വലിയ മലമ്പാമ്പിനെ ഷാജി സൈത് മുഹമ്മദിന്റെ നേതൃത്വത്തില്‍ പിടികൂടി കൂട്ടില്‍ അടക്കുകയും കോതമംഗലം വനം വകുപ്പ് ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വനം വകുപ്പ് ജീവനക്കാര്‍ എത്താന്‍ വൈകിയതോടെ രാത്രി കൂട്ടില്‍ കിടന്ന മലമ്പാമ്പ് ഏഴ് മുട്ട ഇടുകയായിരുന്നു. മലമ്പാമ്പിന്റെ മുട്ട പ്രദേശവാസികളെ അല്‍ഭുതപ്പെടുത്തി. മലമ്പാമ്പിന്റെ മുട്ടകളെ കുറിച്ച് കേട്ടറിവ് മാത്രമുള്ള നാട്ടുകാര്‍ക്ക് മലമ്പാമ്പിന്റെ വലിയ മുട്ടകള്‍ അല്‍ഭുതമുളവാക്കി. അഞ്ച് കോഴി മുട്ടകള്‍ ഒന്നിച്ചാല്‍ ഉണ്ടാകുന്ന വലിപ്പമാണ് മലമ്പാമ്പിന്റെ മുട്ടകള്‍ക്ക് മുട്ടകള്‍ക്ക് മുകളില്‍ ഇരുന്ന മലമ്പാമ്പ് കൂടിന് അടുത്തേയ്ക്ക് എത്തുന്നവരുടെ നേരെ ചീറി അടുക്കുകയാണ്. പിടികൂടുമ്പോള്‍ ശാന്തനായി ഇരുന്ന മലമ്പാമ്പ് മുട്ട ഇട്ടതോടെ ശൗര്യക്കാരനായി മാറുകയായിരുന്നു. മുട്ടയും മലമ്പാമ്പും കോതമംഗലത്ത് നിന്ന് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ മഹാപ്രളയത്തില്‍ മുടവൂര്‍ പാടശേഖരവും വെള്ളം കയറിയിരുന്നു. കാലവര്‍ഷത്തിലെ കുത്തൊഴുക്കില്‍ ഒലിച്ചെത്തിയതാകാം മലമ്പാമ്പുകള്‍ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പാടശേഖരത്ത് വര്‍ഷങ്ങളായി തരിശായി കിടക്കുന്നതിനാല്‍ കാട് കയറിയ നിലയിലാണ്. ഇതാണ് പാടശേഖരം പാമ്പുകളുടെ താവളമാകാന്‍ പ്രധാന കാരണം.
ചിത്രം- മുടവൂരില്‍ പിടികൂടിയ മലമ്പാമ്പ് കൂട്ടില്‍ മുട്ട ഇട്ടപ്പോള്‍……..

ചിത്രം- മലമ്പാമ്പിന്റെ മുട്ട
