ലക്ഷങ്ങൾ മുടക്കി നിർമിച്ച പാഴൂർ ആറ്റുതീരം പാർക്കിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു.

പിറവം ആറ്റുതീരം പാർക്കിന്റെ രണ്ടാം ഘട്ട നിർമാണത്തിൽ അപകതയും കൃത്രിമവും ഉണ്ടെന്നുള്ള നാട്ടുകാരുടെ ആശങ്ക മുഖവിലക്കെടുത്ത് പൊതുജന സുരക്ഷക്കായ് പുനർ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്
പിറവം: വിനോദ സഞ്ചാര വകുപ്പ് ഗ്രാമീണ വിനോദ സഞ്ചാര വികസന പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കിയ പദ്ധതികളിലൊന്നാണ് പിറവത്തെ പാഴൂർ ആറ്റുതീരം പാർക്ക്. പാർക്കിന്റെ വിശ്രമസ്ഥലത്തിന്റെ ഒരു ഭാഗമാണ് ഇന്നലെ വൈകുന്നേരം ഇടിഞ്ഞു വീണത്. ചെടികൾ വച്ചുപിടിപ്പിച്ച ഭാഗമാണ് തകർന്നത്. ഏകദേശം 20 മീറ്ററോളം ഇടിഞ്ഞുപോയിട്ടുണ്ട്.
നാല്പത് ലക്ഷം രൂപയോളം ചിലവഴിച്ചു പാർക്കിന്റെ ആദ്യഭാഗം നേരത്തെ നിർമ്മാണം പൂർത്തിയാക്കിയിരുന്നു.
രണ്ടാം ഘട്ടമായി ഒന്നര കോടി രൂപ ചെലവിലാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ധനസഹായത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കല്ലിടുമ്പിൽക്കടവ് വരെ പാർക്ക് പൂർത്തിയാക്കിയത്. ഇതിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്.
നവീകരിച്ച പാർക്ക് കഴിഞ്ഞ ജൂണിലാണ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തത്. ആറ്റുതീരം റോഡിന്റെ ഒരുഭാഗം പുഴയാണ്, മറുഭാഗം വിശാലമായ പാടശേഖരവും. പുഴയോട് ചേർന്ന് 350 മീറ്റർ നീളത്തിൽ റോഡുള്ളതാണ് ഈ ഭാഗത്തിന്റെ പ്രത്യേകത. ആദ്യഘട്ടത്തിൽ പുഴയ്ക്കും റോഡിനും ഇടയിലുള്ള 200 മീറ്റർ ഭാഗത്ത് ടൈൽ വിരിച്ചു കമനീയമാക്കിയതിനൊപ്പം സഞ്ചാരികൾക്ക് ഇരിക്കാനുള്ള ബഞ്ചുകളുടെ നിർമ്മാണവും പൂർത്തിയാക്കിയിരുന്നു.