തരിശായ നെല്‍പ്പാടം കൃഷിക്ക് അനുയോജ്യമാക്കാന്‍ നിവേദനം

വാഴക്കുളം : കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ തരിശായ നെല്‍പ്പാടം കൃഷിക്ക് അനുയോജ്യമാക്കാന്‍ സംവിധാനമേര്‍പ്പെടുത്തണമെന്ന് കര്‍ഷകരുടെ നിവേദനം. ആവോലി പഞ്ചായത്ത് ആറാം വാര്‍ഡിലെ മണല്‍ച്ചിറ- മുള്ളത്തുകണ്ടം പാടശേഖരസമിതി കര്‍ഷകരാണ് കൃഷി മന്ത്രിക്കും എംഎല്‍എയ്ക്കും ത്രിതല പഞ്ചായത്തിനും നിവേദനം നല്‍കിയിട്ടുള്ളത്. ഇരുപത്തഞ്ച് ഏക്കറോളം വരുന്ന മുള്ളത്തുകണ്ടം നെല്‍പ്പാടം മുന്‍കാലങ്ങളില്‍ കൃഷി ചെയ്തിരുന്നു. പാടത്തിനു സമീപത്തെ തോടിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞ് മഴക്കാലത്ത് വെള്ളം കയറിയതുമൂലം കൃഷി മുടങ്ങിയിരുന്നു. തുടര്‍ന്ന് അധികൃതരുടെ സഹായത്തോടെ ഇടിഞ്ഞു കിടന്നിരുന്ന തോടിന്‍റെ സംരക്ഷണഭിത്തി നിര്‍മ്മിച്ചും പാഴ് വസ്തുക്കള്‍ നീക്കം ചെയ്തും പാടശേഖരം കൃഷിക്ക് ഉപയുക്തമാക്കുകയായിരുന്നു. എന്നാല്‍ പാടശേഖരം മുഴുവനായും തോടിന്‍റെ സംരക്ഷണഭിത്തി ഉയര്‍ത്തിയിരുന്നില്ല. ഈ പ്രദേശത്താണ് ഇപ്പോള്‍ നെല്‍കൃഷി അപ്രാപ്യമായിരിക്കുന്നത്. വെള്ളം കരകവിഞ്ഞ് ഒഴുകിയതിനാല്‍ സമീപത്തുള്ള തോട്ടില്‍ മണ്ണ് നിറഞ്ഞ് തോടിന് ആഴം കുറഞ്ഞിരിക്കുകയാണ്. പാടശേഖരത്തിന്‍റെ സമീപത്തെ തോട്ടിലെ മണ്ണ് മാറ്റണമെന്നും സംരക്ഷണഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വെള്ളം കയറാതെ നെല്‍കൃഷി സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പാടശേഖര സമിതി ആവശ്യപ്പെടുന്നത്. നെല്‍കൃഷി പ്രോത്സാഹനത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗിച്ച് ഇരുപത്തഞ്ചേക്കറോളം വരുന്ന മുള്ളത്തുകണ്ടം നെല്‍പ്പാടം മഴക്കാലത്തിനു മുമ്പ് നെല്‍കൃഷിക്ക് സജ്ജമാക്കി നല്‍കണമെന്നാണ് പാടശേഖര സമിതി കണ്‍വീനര്‍ പയസ് നെടുഞ്ചാലില്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഫോട്ടോ ……………..
നെല്‍ കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റാതെ തരിശായി കിടക്കുന്ന മുള്ളത്തുകണ്ടം നെല്‍പ്പാടം.