മികച്ച പരിസ്ഥിതി പ്രവർത്തകയായി ശോഭന ടീച്ചർ

മുവാറ്റുപുഴ : മികച്ച പരിസ്ഥിതി പ്രവർത്തകയായി ശോഭന ടീച്ചർ. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെയും പരിസ്ഥിതി ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്ന മത്സരത്തിൽ ജൈവവൈവിധ്യ ഉദ്യാന സംരക്ഷണത്തിൻ്റെ ഭാഗമായി മികച്ച പരിസ്ഥിതി പ്രവർത്തകയ്ക്കുള്ള അവാർഡ് ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ സീനിയർ അസിസ്റ്റൻ്റും മലയാളം അധ്യാപികയുമായ ശോഭന എം.എം കരസ്ഥമാക്കി.
സ്കൂൾ പരിസരത്ത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ കാർഷിക പരിസ്ഥിതി പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഇത്തരമൊരു പുരസ്കാരം ഈ അധ്യാപികയെ തേടിയെത്തിയത്. കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദിക് റിസർച്ച് ആൻഡ് ഡവലപ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹായത്താൽ സ്കൂളിൽ സംരക്ഷിച്ചു വരുന്ന മുപ്പതോളം ഔഷധ സസ്യങ്ങളുടെ ഹെർബൽ മെഡിസിനൽ ഗാർഡൻ, ജൈവ വൈവിധ്യ ഉദ്യാനം, ഇരുപതോളം ചിത്രശലഭങ്ങൾ ഉള്ള ബട്ടർഫ്ലൈ ഗാർഡൻ, ജൈവ പച്ചക്കറി കൃഷി തോട്ടം, ജലസംരക്ഷണ പ്രവർത്തനങ്ങൾ, വായു മലിനീകരണം, ജങ്ക് ഫുഡിനെതിരെ ബോധവൽക്കരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങളായ ഫ്ലാഷ് മൊബ്, സൈക്കിൾ റാലി, ലഘുലേഖ വിതരണം, ഭവന സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം ലഹരി മാഫിയയ്ക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് “സ്കെച്ച്” എന്ന ഷാർട്ട് ഫിലിം ഒരുക്കി. മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ നിന്നും അഞ്ഞൂറ് കിലോയിലധികം പ്ലാസ്റ്റിക് ശേഖരിച്ച് റീസൈക്ലിംഗിനായി നൽകി. നിരവധി ക്ലാസുകളിലൂടെയും ബോധവൽക്കരണത്തിലൂടെയും പൊതുജനങ്ങളെ ശരിയായ രീതിയിൽ പ്ലാസ്റ്റിക് ഉപയോഗിക്കുവാൻ പഠിപ്പിച്ചു. തുടർന്ന് ഇ വാർഡിനെ പ്ലാസ്റ്റിക് സൗഹൃദ വാർഡായി മൂവാറ്റുപുഴ എം.എൽ.എ പ്രഖ്യാപിയ്ക്കുകയുമുണ്ടായി.

എറണാകുളം ജില്ലയിലെ മികച്ച ജൈവ വൈവിധ്യ പാർക്കിനും, സ്കൂളിനും , പരിസ്ഥിതി പ്രവർത്തക ടീച്ചറിനുമുള്ള അവാർഡ് ജില്ലാ കളക്ടർ എസ് സുഹാസ് വിതരണം ചെയ്തു.

കൂത്താട്ടുകുളം സ്വദേശിയായ ഈസ്റ്റ് മാറാടിയിലെ വിദ്യാർത്ഥികളുടെ ടീച്ചറമ്മ ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുകയാണ്. ഇത് സ്കൂളിനും വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും തീരാനഷ്ടമായിരിക്കും.

Leave a Reply

Back to top button
error: Content is protected !!