കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നാവിശ്യപെട്ട് കുത്തിയിരുപ്പ് സമരവുമായി നാട്ടുകാർ …..

വാഴക്കുളം : മാസങ്ങളായി മുടങ്ങിയ കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.ഹാരീസിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജല അതോറിറ്റി ഓഫീസില്‍ കുത്തിയിരുന്നു. ആവോലി പഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെ പാണ്ടന്‍പാറ, ഹോസ്റ്റല്‍ ജംഗ്ഷന്‍ പ്രദേശങ്ങളിലുള്ളവരാണ് ജനപ്രതിനിധിക്കൊപ്പം ജല അതോറിറ്റി വാഴക്കുളം അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. പ്രദേശത്തെ 26 കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിലച്ചിട്ട് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ആയതോടെയാണ് നാട്ടുകാര്‍ ഉപരോധ സമരം സംഘടിപ്പിച്ചത്. ജലം ശേഖരിക്കുന്ന പാത്രങ്ങളും കലങ്ങളുമായ് എത്തിയ വീട്ടമ്മമാരും വയോധികരുമടക്കമുള്ള സമരക്കാര്‍ പാത്രങ്ങള്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ക്ക് മുന്നില്‍ നിരത്തിവച്ച് ഓഫീസില്‍ കുത്തിയിരിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന സമരം ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ഹാരീസ് ഉദ്ഘാടനം ചെയ്തു. വേനല്‍ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ സമരം നടത്തേണ്ടി വന്നതെന്നും പ്രശ്നത്തിന് ഉടന്‍ പരിഹാരമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ഹാരീസ് പറഞ്ഞു.