വീടിന് തീപിടിച്ച് വയോധികൻ മരിച്ചു.

ചിത്രങ്ങൾ :-അനൂപ് തങ്കപ്പൻ
മുവാറ്റുപുഴ:-വീടിന് തീപിടിച്ച് വയോധികൻ മരിച്ചു.ഇന്നലെ രാത്രി പതിന്നൊന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. എയ്ഞ്ചൽ വോയ്സ് പടിയിലെ ആനിപ്പറത്താഴത്തിന് സമീപം പുലിയേലിവയലിൽ കൃഷ്‌ണൻകുട്ടി (50)-നാണ് ഗുരുതര പൊള്ളലേറ്റ് മരിച്ചത്.തീപിടിത്തത്തിൽ ഇയാളുടെ വീട് പൂർണമായും കത്തിനശിച്ചു.വീട്ടിൽ കൃഷ്ണന്കുട്ടിയും,വളർത്തുനായയും മാത്രമാണ് ഉണ്ടായിരുന്നത്.വളർത്തുനായ തീപിടുത്തത്തിൽ പൊള്ളലേറ്റു ചത്തു. വീട്ടിനുള്ളിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കവേ കൃഷ്ണൻകുട്ടി മുറിയിൽ കുടിങ്ങിയതാകാം ഗുരുതരമായി പൊള്ളലേക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.ഭാര്യ രാത്രി പള്ളിയിൽ പോയിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.വീട്ടിൽ തീ പടരുന്നത് കണ്ട അയൽക്കാർ പോലീസിലും ഫയർഫോഴ്‌സിലും വിവരമറിയിച്ചു.ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണൻകുട്ടിയെ പോലീസും നാട്ടുകാരും ചേർന്ന് മുവാറ്റുപുഴയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇന്ന് രാവിലെ എട്ടരയോടെ ഇയാൾ മരിച്ചു.