റോഡ് ഒന്ന്………അവകാശികള്‍ മൂന്ന് മുളവൂര്‍ ആട്ടായം ആസാദ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.


മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെയും, പായിപ്ര ഗ്രാമപഞ്ചായത്തിലെയും പ്രധാന റോഡുകളിലൊന്നായ മുളവൂര്‍ ആട്ടായം ആസാദ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂവാറ്റുപുഴ നഗരസഭയിലെ കീച്ചേരിപ്പടിയില്‍ നിന്നും ആരംഭിച്ച് പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂര്‍ പി.ഒ ജംഗ്ഷനില്‍ അവസാനിക്കുന്ന അഞ്ചര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് മൂന്ന് വകുപ്പുകളുടെ അതീനതയിലാണ്. മൂവാറ്റുപുഴ കോതമംഗലം എന്‍.എച്ചിലെ കീച്ചേരിപ്പടിയില്‍ നിന്നും ആരംഭിക്കുന്ന ഒന്നര കിലോമീറ്റര്‍ വരുന്ന റോഡ് നഗരസഭ അതിര്‍ത്തിയായ ആട്ടായം വരെയുള്ള ഭാഗം നഗരസഭയുടെയും, ആട്ടായം മുതല്‍ നിരപ്പ് അക്വഡൈറ്റ് ജംഗ്ഷന്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ പൊതുമരാമത്ത് വകുപ്പിന്റെയും,  അക്വഡൈറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് പുതുപ്പാടി ഇരുമലപ്പടി റോഡിലെ മുളവൂര്‍ പി.ഒ ജംഗ്ഷനില്‍ അവസാനിക്കുന്ന രണ്ടര കിലോമീറ്റര്‍ ജില്ലാ പഞ്ചായത്തിന്റെയും അധീനതയിലുമാണ്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ മുളവൂര്‍ ആട്ടായം ആസാദ് റോഡ് മൂന്ന് വകുപ്പുകളുടെ അധീനതയിലായതോടെ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനാകാത്തത് റോഡിന്റെ അറ്റകുറ്റപ്പണികളെ അടക്കം ബാധിക്കുകയാണ്. 1985-ല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇതിലൂടെയുള്ള റോഡ് നിര്‍മിച്ചത്. കാലക്രമേണ വിവിധ ഘട്ടങ്ങളില്‍ നാട്ടുകാരുടെ ശ്രമഫലമായി റോഡിന് എട്ട് മീറ്റര്‍ വീതിയും ആയി. എന്നാല്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലാത്തത് റോഡിന്റെ പലഘട്ടങ്ങളിലും അറ്റകുറ്റപ്പണികളെ വരെ ബാധിച്ചിട്ടുണ്ട്. മത്രവുമല്ല റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ ഏകീകരിച്ച് പ്രക്ഷോഭം നടത്താന്‍പോലും നാട്ടുകാര്‍ക്ക് കഴിയാത്ത അവസ്ഥയാണ്. മുളവൂര്‍ പ്രദേശവാസികള്‍ക്ക് എളുപ്പത്തില്‍ മൂവാറ്റുപുഴയിലേയ്ക്ക് എത്തിച്ചേരാന്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന റോഡാണിത്. എന്നാല്‍ റോഡിന്റെ ഏതങ്കിലും ഒരു ഭാഗം തകര്‍ന്ന നിലയിലായിരിക്കും. ഇതാണ് റോഡിന്റെ നിലവിലെ അവസ്ഥ. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഒന്നര കിലോമീറ്റര്‍ റോഡ് എല്ലാ വര്‍ഷവും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തും. എന്നാല്‍ ജില്ലാപഞ്ചായത്തിന്റെയും നഗരസഭയുടെയും ഭാഗമായി വരുന്ന റോഡ് പലപ്പോഴും തകര്‍ന്ന് കിടക്കാറാണ് പതിവ്. ഇത് പ്രതിഷേധത്തിനും ഇടയാക്കാറുണ്ട്. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താല്‍ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകും. മുളവൂര്‍ പ്രദേശത്തെ നിരവധിയാളുകള്‍ ഉപയോഗിക്കുന്നതും, നിയോജക മണ്ഡലത്തിലെ ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശമായ നഗരസഭയുടെ ഭാഗം ഉള്‍പ്പെടുന്ന പ്രദേശവും, ആട്ടായം പ്രദേശവും. കെ.എം.എല്‍.പി.എസ്.സ്‌കൂള്‍, മൂവാറ്റുപുഴ തര്‍ബിയത്ത് സ്‌കൂള്‍, നിരവധി ആരാധനാലയങ്ങള്‍ അടക്കം അനേകായിരങ്ങളാണ് റോഡ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. മാത്രവുമല്ല റോഡിന്റെ ശോച്യാവസ്ഥയും, കളക്ഷന്‍ കുറവും മൂലം  ഇതിലൂടെ സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് നിര്‍ത്തുകയും ചെയ്തു. മുളവൂര്‍ പ്രദേശത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുന്ന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പുതുപ്പാടി റോഡ്, കീച്ചേരിപ്പടി ഇരമല്ലൂര്‍ റോഡ്, പായിപ്രയ്ക്ക് പോകുന്ന ഒഴുപാറ-പായിപ്ര കവല റോഡ് അടക്കം ബിഎം.ബിസി നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കി. ഏറ്റവും ഒടുവില്‍ അമ്പലംപടി-വീട്ടൂര്‍ റോഡിന്റെ മുളവൂര്‍ ഭാഗവും ബിഎം.ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിന് 2.50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. മുളവൂരില്‍ നിന്നും മൂവാറ്റുപുഴയിലേയ്ക്കുള്ള പ്രധാന റോഡുകളിലൊന്നായ മുളവൂര്‍ ആട്ടായം ആസാദ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ബിഎം ബിസി നിലവാരത്തില്‍ ടാര്‍ചെയ്യണമെന്ന് എല്‍.ഡി.എഫ് മുളവൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് നിവേദനം നല്‍കി. നേതാക്കളായ വി.എസ്.മുരളി, പി.വി.ജോയി, എം.വി.സുഭാഷ്, ഇ.എം.ഷാജി, പി.എ.മൈതീന്‍, എം.കെ.ഇബ്രാഹിം, കെ.കെ.സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് എല്‍ദോ എബ്രഹാം എം.എല്‍.എക്ക് നിവേദനം നല്‍കിയത്.

ചിത്രം-മുളവൂര്‍ ആട്ടായം ആസാദ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എക്ക് നിവേദനം നല്‍കുന്നു……..

Leave a Reply

Back to top button
error: Content is protected !!