തെങ്ങിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.

മുവാറ്റുപുഴ: തേങ്ങയിടുവാൻ കയറിയപ്പോൾ നാൽപത് അടിയോളം ഉയരമുള്ള തെങ്ങിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. വാരപ്പെട്ടി മൈലൂർ പഞ്ചായത്ത് സ്റ്റേഡിയത്തിനടുത്ത് തെങ്ങിനു മുകളിൽ കുടുങ്ങിയ മാവുടി പുഞ്ചകുഴിയിൽ സുധാകരൻ (45)നെയാണ് കോതമംഗലം ഫയർഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തിയത്. തെങ്ങുകയറ്റയന്ത്രമുപയോഗിച്ച് തേങ്ങയിടാൻ കയറിയതിന് ശേഷം യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു.

സമീപവാസികൾ കോതമംഗലം ഫയര്‍സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർ എം അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസകൂ ഓഫീസർ പി.എം. റഷീദ് ലാഡർ ഉപയോഗിച്ച് തെങ്ങിൽ കയറി സേനാംഗങ്ങളായ കെ.എ. ഷംസുദ്ദീൻ , രഞ്ജിത്ത്, ശ്യാം മോഹൻ, മുഹമ്മദ് ഷിബിൽ, അനൂപ്, നിഷാദ് ,ജേക്കബ് എന്നിവരുടെ സഹായത്തോടെ സാഹസികവും ശ്രമകരവുമായ പ്രവർത്തനങ്ങൾ കൊണ്ട് രക്ഷപ്പെടുത്തുകയുമായിരുന്നു.
