വനപാലകര്‍ക്കെതിരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു.

മുവാറ്റുപുഴ : ഈട്ടിതടി കടത്തിയ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തിയ വനപാലകര്‍ക്കെതിരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. രണ്ടാര്‍ വെട്ടുകുന്നേല്‍ കബീര്‍ (47), തണ്ടേല്‍ പൗറുദ്ദീന്‍ (34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. നെടുങ്കണ്ടത്തു നിന്നും ഈട്ടിതടി മോഷണം പോയതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കബീറിനെ അന്വേഷിക്കാനായി കുമളിയില്‍ നിന്നും വനപാലകര്‍ ബുധനാഴ്ച വൈകുന്നേരം രണ്ടാര്‍ ജംഗ്ഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കബീറിനെ ചോദ്യം ചെയ്യുന്നതിനിടെ ബന്ധുകൂടിയായ പൗറുദ്ദീന്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വനപാലകര്‍ പറയുന്നത്. തുടര്‍ന്ന് ഇരുവരേയും ബലമായി കീഴ്പ്പെടുത്തിയെങ്കിലും കബീര്‍ നെഞ്ചുവേദന അനുഭവപ്പെട്ടെന്നു പറഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കബീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗങ്ങളില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.