പോയാലി മല ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കണം; ജനകീയ കണ്‍വെന്‍ഷന്‍

ഏപ്രില്‍ മാസത്തില്‍ പോയാലി ഫെസ്റ്റ് നടത്തും.

മൂവാറ്റുപുഴ: പ്രകൃതികനിഞ്ഞ് അനുഗ്രഹിച്ച് നല്‍കിയ പോയാലി മലയില്‍ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ജനകീയ കണ്‍വന്‍ഷനിലേയ്ക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകള്‍. പോയലി മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മലയ്ക്ക് മുകളില്‍ ജനകീയ കണ്‍വെന്‍ഷനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം പോയാലി മലയുടെ പ്രകൃതി സൗന്ദര്യം കണുന്നതിനും അവസരമൊരുക്കിയത്. വൈകിട്ട് നാല് മണിയോടെ ആളുകള്‍ മലയിലേയ്ക്ക് ഒഴുകിയെത്താന്‍ തുടങ്ങി. നിരവധി സ്ത്രീകളും കുട്ടികളുമാണ് മലയുടെ ദൃശ്യസൗന്ദര്യം ആസ്വദിക്കാനായി എത്തിയത്. പോയാലി മല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മലയിലേയ്ക്ക് കയറുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. മലമുകളില്‍ നടന്ന ജനകീയ കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.എച്ച്.ഷഫീഖ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആമിന മുഹമ്മദ് റാഫി, മെമ്പര്‍മാരായ മറിയം ബീവി നാസര്‍, കെ.ഇ.ഷിഹാബ്, നസീമ സുനില്‍, പി.എസ്.ഗോപകുമാര്‍, നേതാക്കളായ ആര്‍.സുകുമാരന്‍, കെ.കെ.ശ്രീകാന്ത്, യു.പി.വര്‍ക്കി, സി.സി.ഉണ്ണികൃഷ്ണന്‍, ജോഷി ചാക്കോ, പി.എച്ച്.സക്കീര്‍ ഹുസൈന്‍, പി.എം.നൗഫല്‍ എന്നിവര്‍ സംമ്പന്ധിച്ചു. പോയാലി മലയുടെ ടൂറിസം സാധ്യതകള്‍ അധികൃതരിലേയ്ക്ക് എത്തിക്കുന്നതിനും, പോയാലി മലയുടെ പ്രകൃതി സൗന്ദര്യം മൂവാറ്റുപുഴയിലേയും, സമീപപ്രദേശങ്ങളിലേയും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി 2020 ഏപ്രില്‍ മാസത്തില്‍ പോയാലി മല ഫെസ്റ്റ് നടത്തുന്നതിനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മൂവാററുപുഴ നഗരത്തില്‍ നിന്നും ഒന്‍മ്പത് കിലോമീറ്റര്‍ മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്നതും, എം.സി.റോഡിലെ പായിപ്ര കവലയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിരപ്പ് ഒഴുപാറയില്‍ സ്ഥിതി ചെയ്യുന്ന പോയാലി മലയിലെത്താം. പായിപ്ര പഞ്ചായത്തിലെ 2, 3, വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പോയാലിമല ടൂറിസ്റ്റ് കേന്‍ന്ദ്രമാക്കന്നതിനുളള എല്ലാ സാഹചര്യങ്ങളുമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും അഞ്ഞൂറ് അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും, മൊട്ട കുന്നുകളും കൊണ്ട് അനുഗ്രഹീതമാണ്. അമ്പത് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഐതീഹ്യങ്ങള്‍ ഏറെയുളള മലയുടെ മുകളിലുളള ഒരിക്കലും വെള്ളം വറ്റാത്ത കിണറും, കാല്‍പ്പാദങ്ങളുടെ പാടുകളും പുറമെനിന്ന് എത്തുന്നവര്‍ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. മലയ്ക്ക് മുകളില്‍ നിന്ന് ഉദയവും, അസ്തമയവും കാണുന്നതും കണ്ണിന് കുളിര്‍മയേകും. മലയുടെ മറുഭാഗത്തെ മനോഹരമായ കാഴ്ചയായിരുന്ന വെളളച്ചാട്ടം കരിങ്കല്‍ ഖനനം മൂലം അപ്രത്യക്ഷമായി. മുളവൂര്‍ തോടിന്റെ കൈവഴിയായി ഒഴുകിയെത്തിയിരുന്ന കല്‍ച്ചിറ തോട്ടിലെ നീന്തല്‍ പരിശീലന കേന്ദ്രവും ഇപ്പോള്‍ കാണാനില്ല. മലയില്‍ എളുപ്പത്തില്‍ എത്താവുന്ന രൂപത്തില്‍ റോഡ് ഉണ്ടാക്കുക, റോപ്പെ സ്ഥാപിക്കുക, മലമുകളിലെ വ്യൂ പോയിന്റുകളില്‍ കാഴ്ച സൗകര്യങ്ങള്‍ ഒരുക്കുക, വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക, മലമുകളിലെ അത്ഭുത കിണറും, കാല്‍പാദവും, വെളളച്ചാട്ടവും, കല്‍ചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയ പദ്ധതികളാണ് പോയാലി മലയില്‍ ലക്ഷ്യമിടുന്നത്. കല്ലില്‍ ഗുഹാക്ഷേത്രത്തിന്റെ പൈതൃകം പേറുന്ന പോയാലി മല വിനോദ സഞ്ചാരകേന്ദ്രമാക്കുവാന്‍ ഏറ്റവും അനുയോജ്യമാണ്. ശലഭോദ്യാന പാര്‍ക്ക്, വ്യൂ ടവര്‍ എന്നവയെല്ലാം നിര്‍മ്മിക്കുമ്പോള്‍ ആരേയും ആകര്‍ഷിക്കുന്ന വിനോദ സഞ്ചാരകേന്ദ്രമായി മാറും. വിനോദ സഞ്ചാരകേന്ദ്രമാക്കാന്‍ എല്ലാ രീതിയിലും ഒത്തിണങ്ങിയ പോയാലി മല ടൂറിസം പദ്ധതി നടപ്പിലായാല്‍ നിരവധി പേര്‍ക്ക് തൊഴിലും ഒരു നാടിന്റെ അവശേഷിക്കുന്ന തനതു പൈതൃകവും ചരിത്രവും നിലനിര്‍ത്താന്‍ കഴിയും. ഇതോടൊപ്പം മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് ഇടതാവളമായി പോയാലി മല മാറും.പോയാലി മല ടൂറിസം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നതിനും ജനപ്രതിനിധികള്‍ രക്ഷാധികാരികളായും ജോഷി ചാക്കോ ചെയര്‍മാനും, സി.സി.ഉണ്ണികൃഷ്ണന്‍ കണ്‍വീനറുമായി കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

Leave a Reply

Back to top button
error: Content is protected !!