ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയില്‍ വീണ്ടും തെരുവ്‌നായ ആക്രമണം; നാല് ആടുകളെ തെരുവ്‌നായ്ക്കള്‍ കടിച്ച് കൊന്നു.

മൂവാറ്റുപുഴ: ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയില്‍ വീണ്ടും തെരുവ്‌നായ ആക്രമണം. നാല് ആടുകളെ തെരുവ്‌നായ്ക്കള്‍ കടിച്ച് കൊന്നു. ഈസ്റ്റ് മാറാടി മണ്ടനാക്കര ബിനുവിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ആടുകളെയാണ് കൂട്ടമായി എത്തിയ തെരുവ്‌നായ്ക്കള്‍ കടിച്ച് കൊന്നത്. ഞായറാഴ് ഉച്ചകഴിഞ്ഞ് 2.30ന് വീടിന് സമീപത്തുള്ള തോട്ടത്തില്‍ മേയാനായി വിട്ടിരുന്ന നാല് ആടുകളില്‍ മൂന്ന് ആടുകളെയാണ് എട്ടോളം വരുന്ന തെരുവ് നായ്ക്കള്‍ കൂട്ടമായിയെത്തി കടിച്ച് പറിച്ച് കൊന്നത്. എട്ട് മാസം പ്രായമായ രണ്ടാടും, രണ്ട് വയസ് പ്രായമുള്ള ഗര്‍ഭണിയായ ആടിനെയുമാണ് തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നത്. ഗര്‍ഭണിയായ ആടിന്റെ ഇരുചെവികളും കടിച്ച് പറിച്ചെടുക്കുകയും കഴുത്തില്‍ ആഴത്തില്‍ മുറിവ് ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എട്ട് മാസം പ്രായമായ ഒരാടിന്റെ വയര്‍ പിളര്‍ത്തിയ നിലയിലും ഒരാടിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവും ഉണ്ടായിരുന്നു. ഇരു ആടുകളും സംഭവസ്ഥലത്ത് വച്ച് തന്നെ കൊന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ ഗര്‍ഭണിയായ ആടിനെ മൃഗ ഡോക്ടറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മൃഗാശുപത്രിയില്‍ നിന്നും ഡോക്ടര്‍ ഷമീം അബൂബക്കറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പ്രാഥമീക പരിചരണം നല്‍കിയെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബിനുവിന്റെ മറ്റൊരു ആടിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് എട്ടോളം വരുന്ന തെരുവ് നായക്കൂട്ടം ആടുകളെ കടിച്ച് കൊല്ലുന്നത് കണ്ടത്. ആളുകള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് തെരുവ് നായ്ക്കള്‍ പിന്‍വലിഞ്ഞത്.ഓട്ടോ ഡ്രൈവറായ ബിനുവിന്റെയും ഭാര്യയും ഉപജീവനത്തിനായിട്ടാണ് ആടുവളര്‍ത്തല്‍ ആരംഭിച്ചത്. മൂന്ന് വലിയ ആടുകളെ ഒരേ സമയം നായ്ക്കള്‍ കടിച്ച് കൊന്നത് കനത്ത ആഘാതമായി. ഞായറാഴ്ച തന്നെ ബിനുവിന്റെ അയല്‍വാസിയായ കാര്‍ത്തികയുടെ വലിയ ആട്ടിന്‍ മുട്ടനെയും തെരുവ്‌നായ്ക്കള്‍ കടിച്ച് കൊന്നിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഈസ്റ്റ് മാറാടിയില്‍ മേയാന്‍ വിട്ടിരുന്ന രണ്ട് ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നിരുന്നു. പ്രദേശത്ത് ആട് വളര്‍ത്തി ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങളാണുള്ളത്. ആടുകളെ കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കള്‍ കടിച്ച് കൊല്ലുന്നത് പ്രദേശത്ത് ഭീതി പരത്തിയിരിക്കുകയാണ്.
ചിത്രം- തെരുവ് നായ്ക്കള്‍ കടിച്ച് കൊന്ന ഈസ്റ്റ് മാറാടി മണ്ടനാക്കര ബിനുവിന്റെ ആടുകള്‍……..
