കുളപ്പുറം തടയണ സ്വകാര്യ വ്യക്തിക്ക് പുറമ്പോക്ക് സ്ഥലം കൈവശപ്പെടുത്താനെന്ന് പരാതി

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ തോട്ടില്‍ കുളപ്പുറത്ത് നിര്‍മ്മിച്ച തടയണ സ്വകാര്യ വ്യക്തിക്ക് തോട് പുറമ്പോക്ക് സ്ഥലം കൈവശപ്പെടുത്തുവാനെന്ന് പരാതി. കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച തടയണയാണിത്. കുളപ്പുറം കവലയ്ക്ക് സമീപം പൈങ്ങോട്ടൂര്‍ തോട്ടില്‍ പേപ്പതി പാലത്തിനടുത്താണിത്. ഇപ്പോള്‍ നിര്‍മ്മിച്ച തടയണയുടെ 200 മീറ്റര്‍ മുകളിലാണത്രേ ജലക്ഷാമം ഏറ്റവും രൂക്ഷമായിട്ടുള്ളത്.
ഒരു സ്വകാര്യ വ്യക്തിയുടെ തോട് പുറമ്പോക്ക് സ്ഥലം പൊതുചെലവില്‍ സംരക്ഷണ ഭിത്തി കെട്ടിയെടുക്കുന്നതിന് വേണ്ടി നിര്‍മ്മിച്ചതാണിതെന്ന് പരക്കെ ആക്ഷേപമുണ്ട്. പുതിയ തടയണയില്‍ ഷട്ടര്‍ പിടിപ്പിച്ചപ്പോള്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ പണികള്‍ക്കായി രണ്ട് ലക്ഷം രൂപ കൂടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളതായും അറിയുന്നു.
ഇരുപത്തി അയ്യായിരം രൂപ ചെലവില്‍ അറ്റകുറ്റപണികള്‍ നടത്താമെന്നിരിക്കെ രണ്ട് ലക്ഷം രൂപ തുടര്‍ പണികള്‍ക്കായി ചെലവ് ചെയ്യുന്നതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
തടയിണയിലേക്ക് കടന്ന് ചെല്ലുവാന്‍ ഗതാഗത സൗകര്യമില്ലാത്ത ഇവിടെ മറ്റൊരു വ്യക്തിയുടെ സ്വകാര്യ സ്ഥലത്തുകൂടി ടിപ്പര്‍ ലോറിയില്‍ മണ്ണടിച്ചതിന്‍റെ പേരില്‍ പോത്താനിക്കാട് പോലീസ് ഒരാഴ്ച മുമ്പ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.
പൊതുജനങ്ങള്‍ക്ക് പ്രയോജനമില്ലാത്ത തടയണ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റി വിജിലന്‍സില്‍ പരാതി നല്‍കി. മണ്ഡലം പ്രസിഡന്‍റ് ലുഷാദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍ ജോബി തെക്കേക്കര കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഷെജി ജേക്കബ്, മാണി പിട്ടാപ്പിള്ളില്‍, മണ്ഡലം വൈസ് പ്രസിഡന്‍റ് സജി മങ്കുത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.