വോട്ടര്‍പട്ടിക : ആദ്യം അപേക്ഷിച്ചവര്‍ക്കും കമ്മീഷന് ഉത്തരവ് ബാധകമാക്കണമെന്ന്…

മൂവാറ്റുപുഴ: വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്റ്റേ വരുന്നതിനു മുന്‍പ് ഓണ്‍ലൈനായി പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചവരെയും ഹിയറിംഗില്നിന്ന് ഒഴിവാക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പി.പി. എല്‍ദോസ് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേര് ചേര്‍ക്കുന്നതിനായി ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ നേരിട്ട് ഹിയറിംഗിന് ഹാജരാകേണ്ടതില്ലെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിന്റെ സാഹചര്യത്തിലാണ് ആവശ്യം.ഓണ്‍ലൈനില്‍ ഫോട്ടോ സഹിതം അപേക്ഷിക്കുകയോ, അപേക്ഷിച്ച ശേഷം ഫോട്ടോ ഹാജരാക്കുകയോ ചെയ്തവരുടെ കാര്യത്തില്‍ തടസവാദങ്ങള്‍ ഇല്ലെങ്കില്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനാണ് കമ്മീഷന്റെ പുതിയ നിര്‍ദേശം.നേരത്തെ അപേക്ഷ നല്‍കിയിരുന്ന ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകളും ഹിയറിംഗിനായി ഉദ്യോഗസ്ഥരുടെ മുന്‍പാകെ നിശ്ചിത തീയതിയില്‍ ഹാജരാകണമെന്നതായിരുന്നു കമ്മീഷന്റെ ഉത്തരവ്. ജോലി സംബന്ധമായും പഠനവുമായും ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാല്‍ പലര്‍ക്കും ഉദ്യോഗസ്ഥരുടെ മുന്‍പാകെ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല.
മക്കളുടെ ഫോട്ടോയും പ്രായം തെളിയിക്കുന്ന രേഖകളുമായി അവര്‍ക്കുവേണ്ടി മാതാപിതാക്കള്‍ ഉദ്യോഗസ്ഥരുടെ മുന്‍പാകെ ഹാജരായപ്പോള്‍ ഇവര്‍ അംഗീകരിക്കാന്‍ തയാറാകാത്തതു മൂലം നിരവധി യുവതീ-യുവാക്കള്‍ വോട്ടര്‍ പട്ടികയില്‍നിന്നു പുറത്താകുന്ന സാഹചര്യവുമുണ്ടായിരുന്നു.ഹിയറിംഗ് ഒഴിവാക്കിയ സാഹചര്യം മുതലെടുത്ത് വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ തിരുകി കയറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്നും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താന്‍ കൂട്ട് നില്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളെ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാനുള്ള സമയം.
Dailyhunt