പോയാലിമല ടൂറിസംപദ്ധതി പുനരുജിവിപ്പിക്കാൻ ഒരുങ്ങി നാട്ടുകാർ : ജനു. 5ന് മലമുകളിൽ കൺവെൻഷൻ

മൂവാറ്റുപുഴ: പോയാലി മല ടൂറിസ പദ്ധതി പുനരുജിവിപ്പിക്കുവാനൊരുങ്ങി നാട്ടുകാർ. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച പോയാലി മലയിൽ ടൂറിസം പദ്ധതിനടപ്പിലാക്കണമെന്ന് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പായിപ്ര ഗ്രാമ പഞ്ചായത്തിൽ പായിപ്രയേയും മുളവൂരിനേയും തമ്മിൽ വേർതിരിക്കുന്ന പോയാലി മല സമുദ്രനിരപ്പിൽ നിന്നും അഞ്ഞൂറ് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. പാറക്കെട്ടുകളും, മൊട്ട കുന്നുകളും കൊണ്ട് അനുഗ്രഹീതമായ പോയാലി മല നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ഐതീഹ്യങ്ങൾ ഏറെയുളള മലയുടെ മുകളിലുളള കിണറും, കാൽപാടുകളും പുറമെനിന്ന് എത്തുന്നവർഅത്ഭുതത്തോടെയാണ് നോക്കികാണുന്നത്.മലയുടെ മുകളിൽ നിന്നും മലയുടെ ഇരുവശത്തേക്കുള്ള കാഴ്ചകൾ കണ്ണിന് കുളിർമ ഏകുന്നതാണ്. അനധികൃത കെെയ്യേറ്റവും പാറഖനനവും വ്യാപകമായതോടെ മലയുടെ ഇരു വശത്തുമുള്ള സ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾ കെെയ്യേറിയിരിക്കുകയാണ്. കരിങ്കല്ലിനാൽ രൂപപ്പെട്ടിരിക്കുന്ന മല കരിങ്കൽ മാഫിയയും കണ്ണുവച്ചിരിക്കുകയാണ്. പ്രദേശ വാസികളുടെ ശക്തമായ എതിർപ്പാണ് മലയുടെ സംരക്ഷണം. ഇത്ര പ്രധാന്യമില്ലാത്ത പല സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടും അവികസിത മേഖലയായ മുളവൂർ പായിപ്ര പ്രദേശങ്ങളുടെ വികസനത്തിന് ആക്കം കൂട്ടുന്ന പോയാലി മല ടൂറിസ്റ്റ് കേന്ദ്രമാക്കാൻ നാട് ഒരുമിക്കുകയാണ്. മാറി മാറി വരുന്ന സർക്കാരുകൾ പോയാമല ടൂറിസം പദ്ധതി പ്രഖ്യാപിക്കുമെങ്കിലും ഒടുവിൽ സാങ്കേതികത്വത്തിൽ തട്ടി മുടങ്ങുകയാണ് പതിവ്. ഏറ്റവും ഒടുവിൽ പായിപ്ര പഞ്ചായത്ത് 25 ലക്ഷം രൂപ ബജറ്റിൽ ഉൾപ്പെടുത്തി പോയാലി ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതും പ്രഖ്യാപനത്തിൽ ഒതുങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് ഒരു നാടിന്റെ വികസനത്തിന് കാരണമാകുന്ന പോയാലി ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് എൽ ഡി എഫിന്റെ നേതൃത്വത്തിൽ ഇന്നലെ ജനപ്രതിനിധികളും നാട്ടുകാരും പോയാലി മലയുടെ ഭാഗങ്ങൾ പരിശോധിക്കുകയും ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനെകുറിച്ച് ആലോചിക്കുകയും പദ്ധതി വേഗത്തിൽ ആക്കുന്നതിന് മേൽ നോട്ടം വഹിക്കുവാൻ കമ്മറ്റിയും രൂപികരിച്ചു. ജനുവരി 5ന് മലക്ക് മുകളിൽ വച്ച് പ്രദേശ വാസികളുടെ കൺവെൻഷൻ ചേരുന്നതിനും തീരുമാനിച്ചു. ഇന്നലെ മലക്ക് മുകളിൽ നടന്ന യോഗത്തിൽ സി പി എം ലോക്കൽ സെക്രട്ടറി ആർ.. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ വി.എച്ച്.ഷെഫീക്ക് പദ്ധതി വിശദീകരിച്ചു. പി.എസ്.ഗോപകുമാർ, നസീമ സുനിൽ , വി.എം.. നവാസ്, സി.സി. ഉണ്ണികൃഷ്ണൻ, സി.കെ.ഉണ്ണി, കെ.എം.ഫെെസൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ. അരുൺ , ആർ.. സുകുമാരൻ, വി.എച്ച് ഷെഫീക്ക്, പി.എസ്. ഗോപകുമാർ, നസീമ സുനിൽ , വി.എം. നവാസ് ( രക്ഷാധികാരികൾ), സക്കീർ ഹുസെെൻ ( ചെയർമാൻ), പി.എം. നൗഫൽ ( കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു.