ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദ്ദനം: പിറവത്ത് ഓട്ടോതൊഴിലാളികൾ പണിമുടക്കുന്നു.

പിറവം: പിറവം പ്രൈവറ്റ് ബസ്റ്റാന്ഡിലെ ഓട്ടോ ഡ്രൈവറും കെ.ടി.യു.സി (ജേക്കബ്) വൈസ് പ്രസിഡന്റുമായ അജി ചാക്കോ (45) നെ മർദിച്ചതിൽ പ്രതിഷേധിച്ച് പിറവത്ത് ഓട്ടോ തൊഴിലാളികൾ പണിമുടക്കുന്നു.ഇന്നലെ രാത്രി 8 മണിയോടെ ബസ്റ്റാന്ഡിനു മുന്നിലെ ട്രാക്കിൽ നിന്നും പിറവം പള്ളിക്കാവ് സ്വദേശി ഓട്ടം വിളിച്ചിരുന്നു.യാത്രക്കാരൻ അസഭ്യം പറഞ്ഞതിനെ തുടർന്ന് മുൻ നിരയിൽ ഉണ്ടായിരുന്ന ഡ്രൈവർ ഓട്ടം പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് ഡ്രൈവറുമായി യാത്രക്കാരൻ വാക്കുതർക്കമായി ബഹളം കേട്ട് എത്തിയ അജി ചാക്കോ ഉൾപ്പെടെയുള്ള മറ്റു ഓട്ടോ ഡ്രൈവർമാർ ഇതിനെ ചോദ്യം ചെയ്തു. തുടർന്ന് മദ്യലഹരിയിലായിരുന്നു യാത്രക്കാരൻ ഇവരെ മർദിക്കുകയായിരുന്നു. വലതുകൈക്ക് സാരമായ പരിക്കേറ്റ അജി ചാക്കോയെ പിറവം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ അജി ചാക്കോയെ കാണാനായി താലൂക്കാശുപത്രിയിലേക്ക് പുറപ്പെട്ട മറ്റ് ഓട്ടോ ഡ്രൈവർമാരെ പഴയ പമ്പ് കവലയിൽ വച്ച് ഒരു സംഘം ആളുകൾ മർദിച്ചതായും പറയുന്നു.ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചതിൽ പ്രതിക്ഷേധിച്ചു പിറവം മേഖലയിലെ മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികളും പണിമുടക്കുന്നു.