പോയാലി മല ടൂറിസം പദ്ധതി; മലമുകളില്‍ ജനകീയ കണ്‍വെന്‍ഷന്‍ ഇന്ന്

മൂവാറ്റുപുഴ: പോയാലി മല ടൂറിസം പദ്ധതി പുനരുജിവിപ്പിക്കുന്നതിന്റെ ഭാഗമായി പോയാലിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഞാറാഴ്ച വൈകിട്ട് നാലിന് പോയാലി മലയ്ക്ക് മുകളില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടക്കും. കണ്‍വെന്‍ഷന്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ പദ്ധതി വിശദീകരണവും, മുഖ്യപ്രഭാഷണവും നടത്തും. പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി.ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പായിപ്ര കൃഷ്ണന്‍, സ്മിത സിജു, ടി.എച്ച്.ബബിത എന്നിവര്‍ സംസാരിക്കും. പോയാലിമല സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എച്ച്.സക്കീര്‍ ഹുസൈന്‍ സ്വാഗതവും കണ്‍വീനര്‍ പി.എം.നൗഫല്‍ നന്ദിയും പറയും. പായിപ്ര ഗ്രാമ പഞ്ചായത്തില്‍ പായിപ്രയേയും മുളവൂരിനേയും തമ്മില്‍ വേര്‍തിരിക്കുന്ന പോയാലി മല സമുദ്രനിരപ്പില്‍ നിന്നും അഞ്ഞൂറ് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. പാറക്കെട്ടുകളും, മൊട്ട കുന്നുകളും കൊണ്ട് അനുഗ്രഹീതമായ പോയാലി മല നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ഐതീഹ്യങ്ങള്‍ ഏറെയുളള മലയുടെ മുകളിലുളള കിണറും, കാല്‍പാടുകളും പുറമെനിന്ന് എത്തുന്നവര്‍ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. ഇത്ര പ്രധാന്യമില്ലാത്ത പല സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടും അവികസിത മേഖലയായ മുളവൂര്‍ പായിപ്ര പ്രദേശങ്ങളുടെ വികസനത്തിന് ആക്കം കൂട്ടുന്ന പോയാലി മല ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ നാട് ഒരുമിക്കുകയാണ്. പോയാലിമലയുടെ മുകളില്‍ നടക്കുന്ന ജനകീയ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഞാറാഴ്ച വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ സ്ത്രീകളും, കുട്ടികളും അടക്കമുള്ള പൊതുജനങ്ങള്‍ക്ക് പോയാലി മലയുടെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.