ഊന്നുകല്ലിൽ കാട്ടുപന്നിശല്യം രൂക്ഷം

കോതമംഗലം:    ഊന്നുകല്ലിന് സമീപം തേങ്കോട്   കാട്ടുപന്നിശല്യം രൂക്ഷം.പത്തും ഇരുപതും എണ്ണമുള്ള കൂട്ടങ്ങളാണ് പതിവായി കൃഷയിടങ്ങളിലെത്തുന്നത്.കൃഷിക്കാർ പ്രതിസന്ധിയിൽ.തേങ്കോട് സ്വദേശികളായഷിനാജ്,സലിം എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന പൈനാപ്പിള്‍ കൃഷി പൂര്‍ണ്ണമായിതന്നെ കാട്ടുപന്നികള്‍ കുത്തിമറിച്ചിട്ടിരിക്കുകയാണ്.പാട്ടത്തിനെടുത്ത രണ്ടരയേക്കര്‍ സ്ഥലത്തായിരുന്നു കൃഷി.ചുറ്റും വേലി കെട്ടിയും കാവലിരുന്നുമെല്ലാം പന്നികളെ ഓടിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു.ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.പ്രതീഷയോടെ നടത്തിയ കൃഷിയാണ് ഒരു ഫലവും നല്‍കാതെ നശിച്ചിരിക്കുന്നത്. ഇവരുടെ പൈനാപ്പിൾ കൃഷിയിടം മാത്രമല്ല,സമീപത്ത് പല കൃഷിയിടങ്ങളിലും കാട്ടുപന്നികളുടെ വിളയാട്ടമാണ്.പൈനാപ്പിളും കപ്പയും വാഴയും എന്നുവേണ്ട സകല വിളകളും കാട്ടുപന്നികള്‍ നശിപ്പിക്കുന്നു.വനംവകുപ്പിലും കൃഷിവകുപ്പിലും പഞ്ചായത്തിലുമെല്ലാം കര്‍ഷകരും മറ്റ് നാട്ടുകാരും പരാതിപ്പെട്ടു.എന്നാല്‍ ഒരു നടപടിയുമുണ്ടായിട്ടില്ല.മുള്ളരിങ്ങാട് വനത്തില്‍നിന്നുമാണ് കാട്ടുപന്നികള്‍ നാട്ടിലെത്തുന്നത്.താലൂക്കിലെമ്പാടും വനാതിര്‍ത്തികളില്‍ കാട്ടുപന്നി ശല്യം വര്‍ദ്ധിച്ചുവരികയാണ്.സമീപകാലത്തായി കാട്ടുപന്നികള്‍ പെരുകിയിട്ടുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ശക്തമായ പ്രതിരോധ നടപടിയുണ്ടായില്ലെങ്കില്‍ കര്‍ഷകരുടെ നഷ്ടം നികത്താവുന്നതിലുമേറെയാകും.നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് വെടിവെച്ചുകൊല്ലാനുള്ള അനുമതി നല്‍കുന്നതിനേക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ വിളകൾക്ക് വിലത്തകർച്ച കൊണ്ട് നട്ടം തിരിയുന്ന കർഷകർ കാട്ടുപന്നികൾ കൊണ്ട് ഉണ്ടാകുന്ന ക്യഷി നാശം കൊണ്ടും വലിയ പ്രതിസന്ധിയിലാകും.
ഫോട്ടോ…ഊന്നുകല്ലിന് സമീപം തേങ്കോട്   കാട്ടുപന്നികൾ നാശം വരുത്തിയ പൈനാപ്പിൾ കൃഷിത്തോട്ടം.

Leave a Reply

Back to top button
error: Content is protected !!