മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതിയായി….

അടുത്തമാസം ആദ്യവാരത്തില്‍ ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കും….

മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ഭാഗമായി രണ്ടാം ഘട്ടഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ടൗണ്‍ വികസനവുമായി ഇനി ഏറ്റെടുക്കാനുള്ള 29.5 സെന്റ് സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ അനുമതി ലഭിച്ചത്. മാറാടി, വെള്ളൂര്‍കുന്നം വില്ലേജുകളിലായിട്ടാണ് 29.5 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ളത്. പൊതുമരാമത്ത്, റവന്യൂ വകുപ്പുകള്‍ സംയുക്തപരിശോധന നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോര്‍ഡിന് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കാനുള്ള 4.5-കോടി രൂപ  കിഫ്ബിയില്‍ നിന്നും അനുവദിച്ചത്. അടുത്ത ദിവസം തന്നെ തുക ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ കൈമാറുമെന്നും ഫെബ്രുവരി ആദ്യവാരത്തില്‍ ഭൂമിയേറ്റെടുക്കല്‍ ആരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ നഗര വികസനത്തിന്  135-പേരുടെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 82-പേരുടെ സ്ഥലമേറ്റെടുത്തു കഴിഞ്ഞു. ഇതിനായി 17.30-കോടി രൂപ വിതരണം ചെയ്ത് കഴിഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിനും, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി 15-ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഭൂമി ഏറ്റെക്കുമ്പോള്‍ ഏറ്റെടുക്കുന്ന സ്ഥലത്തെ താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 35-ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ടൗണ്‍ വികസനത്തിന്റെ ബാക്കിയുള്ള സ്ഥലത്തെ ഭൂമി ഏറ്റെടുക്കുന്നതിനും, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും, കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക് പോസ്റ്റുകളും നീക്കം ചെയ്യുന്നതിനും, റോഡ് നിര്‍മ്മാണത്തിനുമായി   32.14-കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.  വെള്ളുര്‍കുന്നം, മാറാടി വില്ലേജിന്റെ പരിധിയില്‍പെട്ട പ്രദേശങ്ങളിലെ പലസ്ഥലങ്ങളിലും വര്‍ഷങ്ങല്‍ക്ക് മുമ്പ് സ്ഥാപിച്ച സര്‍വ്വേ കല്ലൂകള്‍ അപ്രതിക്ഷമായിരിക്കുകയാണ്. ഇത് വീണ്ടും സ്ഥലമളന്ന് കല്ലുകള്‍ സ്ഥാപിക്കേണ്ടി വന്നു. ഇതാണ് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ പ്രധാന കാരണം. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെയും, പൊളിക്കേണ്ട കെട്ടിടത്തിന്റെയും കണക്കെടുപ്പും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ റോഡ് നിര്‍മ്മാണം ടെന്‍ഡര്‍ ചെയ്യുകയും ടൗണ്‍ വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു.
                                                         പതിറ്റാണ്ടുകളായി മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമാണ് മൂവാറ്റുപുഴ ടൗണ്‍ വികസനം. കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി എം.സി.റോഡിലെ മറ്റ് ടൗണുകളെല്ലാം വികസിച്ചപ്പോള്‍ മൂവാറ്റുപുഴയില്‍ വെള്ളൂര്‍കുന്നം വരെയും, പി.ഒ.ജംഗ്ഷന്‍വരെയും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി മൂവാറ്റുപുഴ നഗരത്തെ ഒഴിവാക്കുകയായിരുന്നു. നഗര വികസനം ചുവപ്പുനാടയില്‍ കുടുങ്ങി അനന്തമായി നീണ്ട് പോകുകയും നഗരവികസനം സ്വപ്നമായി മാറുകയും ചെയ്തതോടെ നഗരവികസനത്തിന്റെ ആവശ്യകത മനസിലാക്കി നടത്തിയ ഇടപെടലുകളും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞത്. ഒന്നാം ഘട്ട ഭൂമി ഏറ്റെടുക്കല്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

ചിത്രം- മൂവാറ്റുപുഴ ഇ.ഇ.സി.മാര്‍ക്കറ്റ് ജംഗ്ഷന്‍………………..

Leave a Reply

Back to top button
error: Content is protected !!