പോലീസ് സ്റ്റേഷനിൽ പ്രതികളുടെ അഴിഞ്ഞാട്ടം.വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈകൾക്ക് ഗുരുതര പരിക്ക്.

muvattupuzhanews.in
മുവാറ്റുപുഴ:പോലീസ് സ്റ്റേഷനിൽ പ്രതികളുടെ അഴിഞ്ഞാട്ടം.വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈകൾക്ക് ഗുരുതര പരിക്ക്.ഇന്നലെ മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ വയോധികനെ മരുമകനും,ഇയാളുടെ സഹോദരനും ചേർന്ന് ആക്രമിച്ചു.ഇന്നലെ ഉച്ചയോടെയാണ് പ്രതികൾ പോലീസ് സ്റ്റേഷനിൽ അഴിഞ്ഞാടിയത്.പിടിച്ചുമാറ്റാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെയും മർദിച്ചു.എ എസ് ഐ അനിൽകുമാർ,വനിതാ സിവിൽ പോലീസ് ഓഫീസർ സജ്‌ന, പരാതിക്കാരനായ നെല്ലിക്കുഴി നായ്‌മക്കുടി അലിയാർ (70) എന്നിവർക്കാണ് മർദനമേറ്റത്.ആക്രമണം നടത്തിയ രണ്ടാർകര കരിങ്ങോട്ടു വീട്ടിൽ അഷ്‌റഫ്(35),ഇയാളുടെ സഹോദരൻ ഹംസ(32)എന്നിവരെ പിന്നീട് കൂടുതൽ പോലീസുകാരുടെ സഹായത്തോടെ ബലപ്രയോഗത്തിലൂടെ കീഴടക്കി.ഇരുവരെയും ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


അഷറഫും,ഭാര്യയും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ നേരത്തെ പോലീസ് പരിഹരിച്ചിരുന്നു.എന്നാൽ ഒത്തുതീർപ്പിന് അഷ്‌റഫ് തയ്യാറായില്ലെന്നും ഇത് ചോദ്യം ചെയ്തപ്പോൾ തന്നെ മർദിച്ചുവെന്നും പരാതി നൽകാൻ എത്തിയതായിരുന്നു അലിയാർ,എന്നാൽ അലിയാരും ഒരു സംഘം ആളുകളും ചേർന്ന് തന്നെ മർദിച്ചുവെന്ന് പരാതി പറയാനാണ് അഷ്റഫും,സഹോദരൻ ഹംസയും എത്തിയത്.അവിടെ അലിയാരെ കണ്ടതോടെ ഹംസ ഹെൽമെറ്റ് ഉപയോഗിച്ച് അടിച്ചതോടെയാണ് ആക്രമണത്തിന് തുടക്കം.എസ് ഐ യുടെ മുറിയിലേക്ക് ആദ്യം തള്ളിക്കയറിയ അഷറഫിനോടും,ഹംസയോടും പുറത്തിരിക്കാൻ പറഞ്ഞതിലും,അലിയാരെ കണ്ടതിലുമുണ്ടായ അമർഷം ആക്രമണം അഴിച്ചുവിടുകയായിരുന്നു.
തടയാനെത്തിയ സ്റ്റേഷൻ പി ആർ ഓ അനിൽകുമാറിനെ പ്രതികൾ താക്കോൽകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു.വനിതാ പോലീസ് ഉദ്യോഗസ്ഥ സജ്നയെ കൈപിരിചൊടിക്കാൻ ശ്രമിച്ചപ്പോൾ സജ്നക്ക് ബോധക്ഷയമുണ്ടായി.സജ്നയുടെ കൈകൾക്ക് ഗുരുതര പരിക്കുണ്ട്. അലിയാരെയും ,പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ എത്തിച്ചു.പോലീസിനെ മർദിച്ചതിനും,കൃത്യ നിർവഹണത്തിന് തടസ്സം നിന്നതിനും,അലിയാരെ മർദിച്ചതിനുമായി പ്രതികൾക്കെതിരെ രണ്ട് കേസുകൾ എടുത്തിട്ടുണ്ട്.