സമ്പുഷ്ട കേരളം പദ്ധതി; മൂവാറ്റുപുഴയില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണുകളുടെ വിതരണം ആരംഭിച്ചു.

മൂവാറ്റുപുഴ: സ്ത്രീകളുടെയും കുട്ടികളുടെയും പോഷണക്കുറവ് പരിഹരിക്കാനായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിശ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധയായ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലുള്ള മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം പഞ്ചായത്തുകളിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണുകളുടെ വിതരണം ആരംഭിച്ചു. മൂവാറ്റുപുഴ നഗരസഭയിലെ 29 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും, പായിപ്ര പഞ്ചായത്തിലെ 38 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും, വാളകം പഞ്ചായത്തിലെ 18 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുമാണ് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുന്നത്. സ്മാര്‍ട്ട ഫോണുകളില്‍ ഹോം കെയര്‍ ഹെല്‍ത്ത് എന്ന പേരില്‍ ഐ.സി.ഡി.എ.സ്- കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ വഴി ഗുണഭോക്താക്കളെ സമ്പന്ധിച്ച് എല്ലാ വിവരണങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴി വര്‍ക്കര്‍ നല്‍കേണ്ടതാണ്. വര്‍ക്കര്‍മാര്‍ക്ക് വനിത-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനവും നല്‍കി. സംസ്ഥാനത്ത് നിലവില്‍ 33,115 അങ്കണവാടി കേന്ദ്രങ്ങളിലൂടെയാണ് സമ്പുഷ്ട കേരളം പദ്ധതി പ്രവര്‍ത്തിക്കുന്നത്. ഓരോ അങ്കണവാടികളിലും 11-രജിസ്റ്റര്‍ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തി വരുന്നത്. അതുകൊണ്ട് തന്നെ ലക്ഷകണക്കിന് കുട്ടികളുടെ വിവരങ്ങള്‍ ഒരു തരത്തിലും ഏകോപിപ്പിക്കാന്‍ കഴിയുകയുമില്ല. ഇതിന് പരിഹാരം കാണുന്നതിനാണ് അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയിരിക്കുന്നത്. ആധാര്‍ പ്രകാരമുള്ള എല്ലാ വിവരങ്ങളും നേരത്തെ തന്നെ എല്ലായിടത്തും ലഭ്യമാണ്. സമ്പുഷ്ട കേരളം പദ്ധതിക്കായി കുടുംബ ആരോഗ്യ വിവരങ്ങളാണ് ഇപ്പോള്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ സ്മാര്‍ട്ട് ഫോണിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെ വിവര ശേഖരണം നടത്തുന്നത്. ഇതിലൂടെ കുട്ടികളിലെ വളര്‍ച്ച മുരടിപ്പും തൂക്കകുറവും പോഷകആഹാരക്കുറവും മനസിലാക്കാനും ഇത്തരം കുട്ടികള്‍ക്ക് അടിയന്തിര ശ്രദ്ധയും പരിചരണവും നല്‍കുവാനും സാധിക്കും. ഇതുകൂടാതെ ജനങ്ങളുടെ പോഷകാഹാരക്കുറവ് മനസിലാക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. മൂവാറ്റുപുഴ നഗരസഭയിലെ നാലാം വാര്‍ഡിലെ കെ.എം.എല്‍.പി.സ്‌കൂള്‍ ്അങ്കണവാടിയിലെ വര്‍ക്കര്‍ക്കുള്ള സ്മാര്‍ട്ട് ഫോണിന്റെ വിതരണോദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍ നിര്‍വ്വഹിച്ചു. നരസഭ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.പി.നിഷ, പി.വൈ.നൂറുദ്ദീന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നജ്‌ല ഷാജി,അങ്കണവാടി വര്‍ക്കര്‍ മിനി അന്‍സാരി, ഹെല്‍പ്പര്‍ കെ.എസ്.ഷാഹിന, ഇ.പി.എം.മുഹമ്മദ്കുട്ടി, രാജപ്പന്‍ എന്നിവര്‍ സംമ്പന്ധിച്ചു. നഗരസഭയിലേയും പഞ്ചായത്തുകളിലേയും എല്ലാ അങ്കണവാടികളില്‍ വച്ച് സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നടക്കുമെന്ന് മൂവാറ്റുപുഴ ശിശുവികസന ഓഫീസര്‍ സൗമ്യ.എം.ജോസഫ് പറഞ്ഞു.