നാട്ടുകാർക്ക് വിനയായി റോഡ് ടാറിംഗ്

പണ്ടപ്പിള്ളി: റോഡ് ടാറിംഗ് സമീപവാസികൾക്ക് വിനയാകുന്നതായി പരാതി. പണ്ടപ്പിള്ളിയിൽ നിന്ന് ചാന്ത്യം കവല ഭാഗത്തേക്ക് ബിഎംബിസി നിലവാരത്തിൽ പുതിയ റോഡു നിർമിച്ചപ്പോൾ ഉപേക്ഷിക്കപ്പെട്ടു കിടന്ന സമാന്തര റോഡു സംബന്ധിച്ചാണ് പരാതി ഉയർന്നിട്ടുള്ളത്.കേവലം അഞ്ചു വീട്ടുകാരാണ് റോഡിന്റെ മുഖ്യ ഉപഭോക്താക്കൾ.നിലവിലുള്ള റോഡിന്റെ ടാറിംഗ് പൊളിഞ്ഞു ദുരിതമായപ്പോൾ ഗ്രാമസഭയിൽ ആവശ്യം ഉന്നയിച്ച് ടാറിംഗ് അനുവദിപ്പിക്കുകയായിരുന്നു.
 നിലവിലുള്ള റോഡ് ഒന്നരയടിയോളം മെറ്റലിട്ട് ഉയർത്തി ടാറിംഗ് പണി ആരംഭിച്ചതാണ് പ്രശ്നമായിരിക്കുന്നത്.അഞ്ചു മീറ്ററോളം വീതിയുണ്ടായിരുന്ന റോഡിന്റെ വീതി കുറച്ച് നടുഭാഗത്തെ 3.1 മീറ്ററാണ് ടാറിംഗിനായി വലിയ മെറ്റലിട്ട് ഒന്നരയടി ഉയർത്തിയിരിക്കുന്നത്. ഇതു മൂലം ഇരുവശത്തും കിടങ്ങുകൾ രൂപപ്പെട്ട് വീടുകളിലേക്ക് കടക്കാൻ ദുരിതമാകുകയാണ്. ടാറിംഗിനു ശേഷം മണ്ണിട്ടു നിറച്ചാൽ പോലും മഴ പെയ്ത് കുത്തിയൊലിച്ചു പോകാൻ പാകത്തിൽ കൂത്താട്ടുകുളം റോഡിൽ നിന്ന്  ഉയർന്ന് കയറ്റം രൂപപ്പെടും വിധത്തിലാണ് മെറ്റൽ നിരത്തിയിരിക്കുന്നതെന്ന് നാട്ടുകാർക്ക് ശക്തമായ പരാതിയുണ്ട്. ചെറിയ മെറ്റലിട്ട് ടാറിംഗും നടത്തുമ്പോൾ റോഡിന്റെ ഉയരം ക്രമാതീതമായി വർധിക്കും. മൂന്നു മീറ്റർ വീതിയുള്ള ഈ വഴിയിൽ രണ്ടു വാഹനങ്ങൾ പരസ്പരം കടന്നു പോകുന്നതും ഏറെ ദുഷ്കരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇരുന്നൂറു മീറ്റർ ദൈർഘ്യം മാത്രമുള്ള റോഡിന്റെ രണ്ടറ്റത്തും മറ്റു റോഡിൽ നിന്ന് കടക്കാവുന്ന തരത്തിലുള്ള മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്ക്, ജലവിതരണ കേന്ദ്രം,തപാലാഫീസ്, നഴ്സറി സ്കൂൾ എന്നീ സ്ഥാപനങ്ങളുമാണ് അഞ്ചു വീടുകൾക്കു പുറമേ ഈ റോഡിന്റെ  ഭാഗികമായ ഉപയോക്താക്കൾ.ടോറസ് ലോറികൾ നിരന്തരം സർവീസ് നടത്താൻ പാകത്തിലുള്ള മെറ്റലിംഗ് ഇവിടെ ആവശ്യമാണെന്ന് എസ്റ്റിമേറ്റ് എടുത്തതു സംബന്ധിച്ചും ആക്ഷേപമുയർന്നിട്ടുണ്ട്. ഇപ്പോൾ നിരത്തിയിരിക്കുന്ന വലിയ മെറ്റൽ നീക്കം ചെയ്ത് പഴയ റോഡു നിരപ്പിൽ ചെറിയ മെറ്റൽ ഉറപ്പിച്ച് പ്രധാന റോഡിൽ നിന്നുള്ള കയറ്റം ഒഴിവാക്കി ടാറുചെയ്യണമെന്നാണ് നാട്ടുകാർ അടിയന്തരമായി ആവശ്യപ്പെടുന്നത്.

ഫോട്ടോ :പണ്ടപ്പിള്ളി മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിനു സമീപം വീടുകൾക്കും സ്ഥാപനങ്ങൾക്കും ദുരിതമാകും വിധത്തിൽ ടാറിംഗിനായി ഒന്നരയടി ഉയരത്തിൽ മെറ്റൽ ചെയ്തിരിക്കുന്ന റോഡ്.

Leave a Reply

Back to top button
error: Content is protected !!