വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 14ന് മൂവാറ്റുപുഴയില്‍ ഉന്നതതല യോഗം.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രൂക്ഷമായ വരള്‍ച്ചയ്ക്ക് പരിഹാരം കാണുന്നതിനും കുടിവെള്ളത്തിനും കാര്‍ഷീക ആവശ്യങ്ങള്‍ക്കുമുള്ള ജലവിതരണം കാര്യക്ഷമമാക്കുന്നതിനുമായി ജനപ്രതിനിധികളുടെയും എം.വി.ഐ.പി, പി.വി.ഐ.പി, വാട്ടര്‍ അതോറിറ്റി അടക്കമുള്ള ഉദ്യോഗസ്ഥരെയും പങ്കെടുപ്പിന് മൂവാറ്റുപുഴയില്‍ ഈ മാസം 14ന് വൈകിട്ട് മൂന്നിന് ഉന്നതതല യോഗം നടക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ താലൂക്ക് വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ നഗരവികസനത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പ് അന്തിമ ഘട്ടത്തിലാണന്നും, മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി.ബസ്റ്റാന്റില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണന്നും, താലൂക്ക് വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തുന്ന വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട വകുപ്പ് മേധവികള്‍ സ്വീകരിക്കണമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ആരക്കുഴ ഗ്രാമപഞ്ചായത്തിലെ ശോച്യാവസ്ഥയിലായ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കണമെന്നും, ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്ഥലം രജിസ്‌ട്രേഷനും, ഭൂമിയുടെ ന്യായവിലയുടെ അപാകതകള്‍ മൂലം വന്‍തുക അടയ്‌ക്കേണ്ടതായിവരുന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഈ തുക ഒഴിവാക്കി കൊടുക്കുന്നതിന് നടപടിയെടുക്കണമെന്നും യോഗത്തില്‍ ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂര്‍ ആവശ്യപ്പെട്ടു. മാറാടി ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ തെരുവ് നായ ശല്ല്യത്തിന് പരിഹാരം കാണണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി.ഏലിയാസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരുമാസത്തിനിടെ 10-ഓളം ആടുകളാണ് തെരുവ്‌നായ്ക്കള്‍ കടിച്ച് കൊന്നത്. ഇതില്‍ ഏറെയും ആട് വളര്‍ത്തി ഉപജീവനമാര്‍ഗ്ഗം നടത്തുന്ന കുടുംബങ്ങളാണ്. ഇന്‍ഷ്യൂറന്‍സ് ഇല്ലാത്തതിനാല്‍ യാതൊരുവിധ ആനുകൂല്ല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ലന്നും, ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നും, തെരുവ് നായ്ക്കളെ തുരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേനല്‍ ആരംഭിച്ചതോടെ മൂവാറ്റുപുഴയാര്‍ അടക്കമുള്ള പുഴകളിലും, തോടുകളിലും തോട്ടയിട്ടും, വൈദ്യുതി പ്രവഹിപ്പിച്ചും, വിഷദ്രാവകങ്ങള്‍ കലക്കിയും മീന്‍ പിടിക്കുന്നത് വ്യാപകമായിരിക്കുകയാണന്നും മത്സ്യ സംമ്പത്തിന് തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഒ.സി.ഏലിയാസ് ആവശ്യപ്പെട്ടു. നിലവിലെ സംസ്ഥാനത്തെ സാഹചര്യമനുസരിച്ച് സെന്‍സസ് നടപടിയ്ക്ക് പോകുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജീവനക്കാര്‍ക്ക് സംരക്ഷണം ലഭിക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങളിലും വര്‍ദ്ധിച്ച് വരുന്ന മയക്ക് മരുന്ന് ഉപയോഗത്തിനെതിരെയും, വില്‍പ്പനയ്ക്കുംമെതിരെ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ വെള്ളൂര്‍കുന്നത് ധന്യ ഹോട്ടലിന് സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുകയാണന്നും ഉപയോഗ ശൂന്യമായ ബസ്‌കാത്തിരിപ്പ് കേന്ദ്രം നീക്കം ചെയ്യണമെന്നും പൗരസമിതി സെക്രട്ടറി മുസ്തഫ കൊല്ലംകുടി യോഗത്തില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. തഹസീല്‍ദാര്‍ പി.എസ്.മധുസൂദനന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പായിപ്ര കൃഷ്ണന്‍, ഒ.സി.ഏലിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, രാഷ്ടീയപാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് മേധവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Back to top button
error: Content is protected !!