നമ്പർ 1 കേരളത്തിലെ കോതമംഗലത്ത് മൃദദേഹം ചുമന്ന് നടന്നത് മൂന്ന് കിലോമീറ്റർ …

വണ്ടിയുമില്ല ,റോഡുമില്ല ..
കോതമംഗലം:നമ്പർ വൺ കേരളത്തിലെ കോതമംഗലത്ത് മൃദദേഹം ചുമന്ന് നടന്നത് മൂന്ന് കിലോമീറ്റർ .കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിയിലാണ് സംഭവം. ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി അയൽവാസികൾ നടന്നത് മൂന്ന്കിലോമീറ്ററോളം ദൂരം. ജീപ്പുകൾ കിട്ടാതിരുന്നതും, ആംബുലൻസിന് വരാനുള്ള സൗകര്യമില്ലാത്തതുമാണ്
മൃതദേഹം ചുമന്ന് കൊണ്ടുപോകേണ്ട
സാഹചര്യം ഉണ്ടായത്.കഴിഞ്ഞദിവസം വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുഞ്ചിപ്പാറ കോളനിയിലെ സോമന്റെ(42)-ന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി കോതമംഗലം
ആശുപത്രിയിലെത്തിക്കാൻ നിർദേശം
കിട്ടി. പക്ഷേ, റോഡ് സൗകര്യമില്ലാത്തതിനാൽ
ആംബുലൻസുകളൊന്നും കോളനിയിലേക്ക് എത്തിച്ചേരില്ല. വല്ലപ്പോഴും ജീപ്പുകൾ ഇതുവഴി വരാറുണ്ടെങ്കിലും മൃതദേഹം കൊണ്ടുപോകാനായി ജീപ്പുകളും ലഭിച്ചില്ല. ഇതേ തുടർന്നാണ്അയൽവാസികൾ ചേർന്ന് മൃതദേഹം പായയിൽ കെട്ടി,മൂന്നു കിലോമീറ്ററോളം നടന്ന് കല്ലേരിമേട്ടിലെത്തിച്ചത്. അവിടെനിന്ന് ബ്ലാവന കടത്ത് വരെ മൃതദേഹം ജീപ്പിൽ കൊണ്ടുപോയി.കടത്ത് കടന്ന ശേഷം കുട്ടമ്പുഴ പഞ്ചായത്തിന്റെ ആംബുലൻസിൽ കോതമംഗലം ആശുപത്രിയിലേക്കും.
കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ
കോളനിയിലേക്ക് പാലവും റോഡും
നിർമിക്കണമെന്നത് നാട്ടുകാരുടെ
ദീർഘകാലമായുള്ള ആവശ്യമാണ്. മഴക്കാലത്ത് പുഴയിൽ വെള്ളംനിറഞ്ഞാൽ ബ്ലാവന കടത്ത് വഴിയുള്ള യാത്ര ദുഷ്കരമാകും.ഇതോടെ കോളനിക്കാർ ഒറ്റപ്പെട്ട അവസ്ഥയിലാകുന്നതും പതിവാണ്.