ആവേശമായി കാളക്കൂറ്റന്മാരുടെ വേഗപ്പോര്

കൂത്താട്ടുകുളം: കാക്കൂര്‍ കാളവയല്‍ കാര്‍ഷിക മേളയോടനുബന്ധിച്ചു പെരിങ്ങാട്ടു പാടത്തെ വയല്‍ച്ചേറില്‍ വീണ്ടും കാളക്കൂറ്റന്മാരുടെ വേഗപ്പോര്. നിരോധനമുള്ളതിനാല്‍ മരമടിക്കായി ഇത്തവണ വയല്‍ ഒരുക്കിയിരുന്നില്ല. മരമടി മത്സരം ഉണ്ടാവില്ലെന്നാണു സംഘാടകര്‍ അറിയിച്ചിരുന്നതും.
എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ കര്‍ഷകര്‍ മേളയുടെ സമാപന ദിവസമായ ഇന്നലെ അനുമതിക്കു കാത്തുനില്‍ക്കാതെ തങ്ങളുടെ കാളകളുമായി കടുപ്പു കാണിക്കല്‍ ചടങ്ങും മരമടിയും നടത്തുകയായിരുന്നു.മഡ് ഫുട്ബോള്‍ കളിക്കായി തയാറാക്കിയ പാടത്ത് നടന്ന മരമടി പരന്പരാഗത കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ആവേശമായി. ഇരുപത്തഞ്ചോളം ജോഡി കാളകള്‍ വയലില്‍ എത്തിയെങ്കിലും മരമടിയില്‍ പങ്കെടുത്തത് ആറു ടീമുകള്‍ മാത്രം. കയറിട്ട് അടി, സ്പീഡ്, ചാന്പ്യന് എന്നീ മൂന്ന് ഇനങ്ങളില്‍ സൗഹൃദ മത്സരമാണു നടന്നത്.