കായനാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പുതിയ മോട്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു.

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ കായനാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പുതിയ മോട്ടോര്‍ പ്രവര്‍ത്തനമാരംഭിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 26.50-ലക്ഷം രൂപ മുതല്‍ മുടക്കിയാണ് 125.എച്ച്.പിയുടെ പുതിയ മോട്ടോറും, വയറിംഗ് അടക്കമുള്ള ഇലക്ട്രിക് വര്‍ക്കുകളും, പമ്പ് സെറ്റുകളും സ്ഥാപിച്ച് പുതിയ മോട്ടോര്‍ പ്രവര്‍ത്തനമാരംഭിച്ചത്. പുതിയ മോട്ടോറിന്റെ സ്വിച്ചോണ്‍ കര്‍മ്മം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി.ഏലിയാസ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.യു.ബേബി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്.മുരളി, മെമ്പര്‍മാരായ ഷാന്റി എബ്രാഹാം, ബാബു തട്ടാറുകുന്നേല്‍, വത്സല ബിന്ദുകുട്ടന്‍, ബിന്ദു ബേബി, ഡെയ്‌സി ജോസ്, വിവിധകക്ഷി നേതാക്കളായ കെ.വൈ.മനോജ്, എം.പി.ലാല്‍, എം.എന്‍.മുരളി, സി.സി.ജോയി, പി.കെ.ദാസ്, കനാല്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ടി.വി.അവിരാച്ചന്‍, സെക്രട്ടറി പി.കെ.തങ്കച്ചന്‍, മൈനര്‍ ഇറിഗേഷന്‍ എ.എക്‌സി സജി, എ. ഇ. ഷാജി, പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ സംമ്പന്ധിച്ചു.
                                            1969-ല്‍ കമ്മീഷന്‍ ചെയ്ത കായനാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി കായനാട് മാറാടി പ്രദേശത്തെ കൃഷിയ്ക്കും, കുടിവെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്. മാറാടി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 12 വാര്‍ഡുകളിലെ 500-ഹെക്ടറോളം സ്ഥലത്ത് ജലസേചനത്തിനായിട്ടാണ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉപയോഗിക്കുന്നത്. മൂവാറ്റുപുഴയാറിലെ മേളക്കുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പമ്പ് ഹൗസില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കായനാട് ഭാഗത്ത് എട്ട് കിലോമീറ്റര്‍ കനാലിലും, മാറാടി ഭാഗത്ത് ഒമ്പത് കിലോമീറ്റര്‍ ഭാഗത്തുള്ള കനാലിലും വെള്ളമെത്തിക്കുന്ന പദ്ധതിയ്ക്ക് മൂന്ന് മോട്ടറാണ് നിലവിലുള്ളത്. ഇതില്‍ 135 എച്ച്.പിയുടെ മോട്ടോര്‍ പ്രവര്‍ത്തനരഹിതമാണ്. 110-എച്ച്.പിയുടെ മോട്ടോറും, പുതുതായി സ്ഥാപിച്ച 125-എച്ച്.പിയുമോട്ടോറുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വേനല്‍ കനത്തതോടെ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും, കൃഷിയ്ക്കും ഏറ്റവും പ്രയോജനകരമാണ് കായനാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. ആഴ്ചയില്‍ ആറ് ദിവസം കനാലില്‍ വെള്ളം തുറന്ന് വിടും, ഒരു ദിവസം 16 മണിക്കൂറാണ് ഇവിടെ വെള്ളം പമ്പ് ചെയ്യുന്നത്.

ചിത്രം-മാറാടി ഗ്രാമപഞ്ചായത്തിലെ കായനാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പുതിയ മോട്ടോറിന്റെ സ്വിച്ചോണ്‍ കര്‍മ്മം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു….  

Leave a Reply

Back to top button
error: Content is protected !!