ചരിത്ര പ്രസിദ്ധമായ കാക്കൂർ കാളവയൽ ഇന്ന് ആരംഭിക്കും.

കൂത്താട്ടുകുളം : ചരിത്ര പ്രസിദ്ധമായ കാക്കൂർ കാളവയൽ ഇന്ന് ആരംഭിക്കും. തിരുമാറാടി എടപ്ര – കാക്കൂർ ആമ്പശ്ശേരി കാവുകളിലെ ഉത്സവത്തോടനുബന്ധിച്ച് കുംഭമാസത്തിലെ അശ്വതി, ഭരണി, കാർത്തിക, രോഹിണി നാളുകളിലായാണ് കാളവയൽ നടന്നുവരുന്നത്. 130 വർഷത്തെ പൗരാണിക രേഖകൾ നിലവിൽ കാളവയലിനുണ്ടെങ്കിലും അതിനും മുന്നേ നിലനിന്നിരുന്ന ഒരു ചരിത്ര സംസ്‌കൃതിയാണ് ഈ ആഘോഷങ്ങൾ. ഒരുകാലത്ത് കാർഷിക മാമാങ്കമായിരുന്ന വയൽ കന്നുകാലികളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും ഗാർഹിക ഉപകരണങ്ങളുടെയും വലിയൊരു ചന്തകൂടിയായിരുന്നു. ശരവേഗത്തിൽ പായുന്ന കാളവണ്ടികളുടെയും മിന്നൽ പിണറുകളെപോലും തോൽപ്പിക്കും വേഗതയിൽ ചളിനിറഞ്ഞ പാടങ്ങളിലൂടെ പായുന്ന കാളക്കൂറ്റന്മാരുടെയും സ്ഥാനമിന്ന് മഡ് കാർ റേസും, ബൈക്ക് റേസും എല്ലാം കൈയടക്കി എങ്കിലും വയൽപ്രേമികളുടെ ഹൃദയത്തുടിപ്പ് കാക്കൂർ കാളവയലിന്റെ ചരിത്രത്തിനൊപ്പമാകും.നിയമകുരുക്കുകളും നിരോധനവും മൂലം കർഷകരുടെ കായിക മത്സരമെന്ന് വിശേഷണമുള്ള കാക്കൂർ കാളവയലിൽ  കാളവണ്ടി ഓട്ടവും മരമടി മത്സരവും നടന്നിട്ട് വർഷങ്ങളാകുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കാളകളെ ഓട്ട മത്സരങ്ങൾക്കും മറ്റും ഉപയോഗിക്കുന്നത് വിലക്കിയതോടെ വയലിൽ ഇവയുടെ സാന്നിധ്യം ജോഡിക്കാള മത്സരത്തിലും കന്നുകാലി പ്രദർശനത്തിലുമൊതുങ്ങിയെങ്കിലും കാളവയലിന്റെ മാറ്റ് കുറയാതിരിക്കുവാൻ പ്രധാന സംഘാടകരായ തിരുമാറാടി പഞ്ചായത്തും നാട്ടുകാരടങ്ങുന്ന സംഘാടക സമിതിയും നിരവധി പരിപാടികളാണ് കാക്കൂർ കാളവയൽ കാർഷികമേളയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 
28 മുതൽ മുന്ന് വരെ നടക്കുന്ന കാക്കൂർ കാളവയൽ കാർഷികമളയിൽ കാർഷികമേള, സാംസ്കാരിക ഘോഷയാത്ര, ബൈക്ക് മഡ് റേസ്, കാർ റേസ്‌, മഡ് ഫുട്ബോൾ, കർഷക സെമിനാറുകൾ, അമൃത ആശുപത്രിയുടെ മെഡിക്കൽ എക്സിബിഷൻ, കാളവണ്ടി പ്രദർശനം, ജോഡിക്കാള മത്സരങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന്  സംഘാടകസമിതി അറിയിച്ചു.

ഇന്ന് രാവിലെ 9.30ന് പഞ്ചായത്ത്‌ പ്രസിഡന്റ് ഒ.എൻ.വിജയൻ പതാക ഉയർത്തുന്നതോടെ വയൽ നഗരിയിലെ ആഘോഷങ്ങൾക്ക് തുടക്കമാകും.10ന് കാർഷിക മേളയുടെ ഉദ്ഘാടനം പാലക്കുഴ പഞ്ചായത്ത്‌ പ്രസിഡന്റ് ജോഷി സ്കറിയ നിർവഹിക്കും. സുമിത് സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. നാളെ വൈകുന്നേരം 3.30ന് തിരുമാറാടി എടപ്രക്കാവ് മൈതാനിയിൽ നിന്നും വയൽ നഗരിയിലേക്ക് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും.ജില്ലാ പഞ്ചായത്ത്‌ അംഗം ആശ സനിൽ ഫ്ലാഗോഫ് ചെയ്യും.രമ മുരളീധരകൈമൾ അധ്യക്ഷത വഹിക്കും. 5ന് ബൈക്ക് മഡ്റേസ് ട്രയൽ.5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം തോമസ് ചാഴിക്കാടൻ എംപി ഉദ്ഘാടനം ചെയ്യും. ഒ.എൻ. വിജയൻ അധ്യക്ഷത വഹിക്കും. സമ്മാനദാനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കും. ബൈക്ക് മഡ്റേസ്  മുൻ എംഎൽഎ എം.ജെ. ജേക്കബ് ഫ്ലാഗ്ഓഫ് ചെയ്യും. 7ന് കവിയരങ്ങ്. 

ഒന്നിനു രാവിലെ 12ന് മഡ് കാർറേസ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും. 5.30ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡോളി കുര്യാക്കോസ് സമ്മാനദാനം നിർവഹിക്കും. 6ന് പുല്ലുവഴി പാട്ടിൻ തേൻകണം അവതരിപ്പിക്കുന്ന ട്രാക്ക് ഗാനമേള.
രണ്ടിനു രാവിലെ 10ന് കാർഷിക സെമിനാറും കർഷകരെ ആദരിക്കലും. കേരള ഫീഡ്സ് ചെയർമാൻ ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്യും. എംപിഐ ഡയറക്ടർ ഷാജു ജേക്കബ് കർഷകരെ ആദരിക്കും. തുടർന്ന് ആട് വളർത്തൽ, കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധനവും വിപണന സാധ്യതകളും എന്നീ വിഷയങ്ങളിൽ  സെമിനാർ നടക്കും. 3ന് പെരിങ്ങാട്ട് പാടശേഖരത്തിൽ മഡ് ഫുട്‍ബോൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജെസ്സി ജോണി ഉദ്ഘാടനം ചെയ്യും. സാജു ജോൺ അധ്യക്ഷത വഹിക്കും.

മൂന്നിനു രാവിലെ 8ന് മഡ് ഹാന്റ് ബോൾ, ചെളിയിൽ ഓട്ടം.10ന് കാളകളുടെ സൗന്ദര്യ മത്സരം പുഷ്പലത രാജു ഉദ്ഘാടനം ചെയ്യും.തുടർന്ന് ജോഡിക്കാള മത്സരം.5ന് സമാപന സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും.ഒ.എൻ.വിജയൻ അധ്യക്ഷത വഹിക്കും. 7ന് കൊച്ചിൻ റോയൽ മീഡിയ അവതരിപ്പിക്കുന്ന ഗാനമേള.

Leave a Reply

Back to top button
error: Content is protected !!