കര്‍ഷകരെ വഞ്ചിക്കുന്ന ബഡ്ജറ്റ് ; ഡീന്‍ കുര്യാക്കോസ് എം.പി

മൂവാറ്റുപുഴ: പൊതുവില്‍ കേരളത്തിനും, കര്‍ഷക ജനതക്കും നിരാശജനകമായ ബഡ്ജറ്റ് ആണ് കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ചതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി .കേരളത്തിനായി പുതിയ പദ്ധതികള്‍ ഒന്നുമില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുള്ളത് വെറും പ്രഹസനമാണ്. ഉല്‍പ്പാദന കുറവും, വില തകര്‍ച്ചയും പരിഹരിക്കാന്‍ യാതൊരു പരിഹാരവും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. റബര്‍, കുരുമുളക് തുടങ്ങിയ നാണ്യവിളകള്‍ക്കുള്‍പ്പടെതാങ്ങുവില പ്രഖ്യാപിക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍ ഒരു കാര്‍ഷിക ഉല്‍പ്പന്നത്തിന്റെയും താങ്ങുവിലയെ സംബന്ധിച്ച് ബഡ്ജറ്റില്‍ കാര്യമായ പരാമര്‍ശമില്ല. വില തകര്‍ച്ചയാലും,, പ്രകൃതിക്ഷോഭവും, കാലാവസ്ഥ വ്യതിയാനവും മൂലമുണ്ടായ ഉല്‍പ്പാദന കുറവും മൂലം കടക്കെണിയിലായ കൃഷിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും, കടക്കെണിയില്‍ നിന്നും രക്ഷപ്പെടുത്താനുമുള്ള യാതൊരു പദ്ധതിയുമില്ല. വരുമാനം ലാഭകരമാക്കാനുള്ള പദ്ധതികള്‍ക്ക് പകരം കൂടുതല്‍ വായ്പ അനുവദിക്കുമെന്നതും, സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തിനായുള്ള പ്രോല്‍സാഹനവുമെല്ലാം വന്‍കിടക്കാര്‍ക്കു മാത്രം ഗുണം ചെയ്യുന്നതാണ്. ക്ഷീര ഉല്‍പ്പാദനം 2025 ഓടെ രണ്ടിരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനം ആശ്വാസകരമാണെങ്കിലും, ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തത് നിരാശാജനകമാണ്. ഗ്രാമീണ സമ്പദ് ഘടനയെ പരിപോഷിപ്പിക്കുന്ന തരത്തില്‍ തൊഴിലുറപ്പു പദ്ധതിയെ സംരക്ഷിക്കുന്ന യാതൊരു പ്രഖ്യാപനവുമുണ്ടാകാത്തത് നിരാശാജനകമാണ്. രാജ്യത്തെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയുള്‍പ്പടെ സ്ഥിതി ചെയ്യുന്ന ഇടുക്കിയില്‍ ട്രൈബല്‍ പാക്കേജും, ലോക പ്രസിദ്ധമായ ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമെന്ന നിലയില്‍ പ്രത്യേക ടൂറിസം സോണ്‍ എന്ന ആവശ്യവും പ്രത്യേകമായി മുന്‍പോട്ടു വച്ചെങ്കിലും പരിഗണിക്കപ്പെടാത്തത് ദു:ഖകരമാണെന്നും ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.