അമിത വേഗത്തിലെത്തിയ ടോറസ് ലോറിയിടിച്ച് നിയന്ത്രണംവിട്ട കാർ ടാങ്കർ ലോറിയിലിടിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.

വാളകം:അമിത വേഗത്തിലെത്തിയ ടോറസ് ലോറിയിടിച്ച് നിയന്ത്രണംവിട്ട കാർ ടാങ്കർ ലോറിയിലിടിച്ചു നിന്നു. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ രാവിലെ പതിനൊന്നരയോടെ പെരുവൻമൂഴി പാലത്തിനു സമീപമാണ് അപകടം.കോലഞ്ചേരി ഭാഗത്തേക്കു പോവുകയായിരുന്ന കാറിന്റെ പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ വട്ടംതിരിഞ്ഞ് എതിർദിശയിലെത്തിയ ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ടു.കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് കണ്ട് ടാങ്കർ ഡ്രൈവർ വണ്ടി റോഡരികിലേക്ക് ഒതുക്കിയതുകൊണ്ട് വൻ ദുരന്തം ഒഴിവായി.ഇരുലോറികൾക്കും ഇടയിൽപ്പെട്ട കാറിൽനിന്ന് ഏറെപണിപ്പെട്ടാണ് നാട്ടുകാർ കുടുംബാംഗങ്ങളെ പുറത്തിറക്കിയത്.
അപകടത്തിൽ നിസ്സാരമായി പരിക്കേറ്റ തൊടുപുഴ ചാമക്കാലായിൽ ടിൻസി (35), മക്കളായ മാരിയറ്റ് (15), അനിറ്റ്(16) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതവും തടസപ്പെട്ടു.

പോലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ റോഡിൽനിന്നു നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ടോറസ് ലോറികളുടെ അമിതവേഗതമൂലം അപകടങ്ങൾ പതിവായിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നു ആക്ഷേപം ഉയർന്നിട്ടുണ്ട്.