മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണം വേഗത്തിലാക്കുന്നതിനായി നിര്‍മ്മാണച്ചുമതല കേരള റോഡ് ഫണ്ട് ബോര്‍ഡിന് നല്‍കി സര്‍ക്കാര്‍ ഉത്തരവ്…..

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി നിര്‍മ്മാണച്ചുമതല കേരള റോഡ് ഫണ്ട് ബോര്‍ഡിന് നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 35-കോടി രൂപയും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 15-കോടി രൂപയും അടക്കം 50-കോടി രൂപയ്ക്ക് സര്‍ക്കാര്‍ പ്രത്യേക ഭരണാനുമതി നല്‍കുകയും പദ്ധതി കിഫ്ബി വഴി നടപ്പിലാക്കാന്‍ നേരത്തെ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. ബൈപാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കിഫ്ബി പ്രവര്‍ത്തികളുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹ്ക്കിള്‍ ആയ കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എയും നിരത്ത് വിഭാഗം ചീഫ്എഞ്ചിനിയറും സര്‍ക്കാരിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണ ചുമതല കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. അടുത്ത കിഫ്ബി ബോര്‍ഡും, കിഫ്ബി എക്‌സിക്യുട്ടീവ് യോഗവും അംഗീകാരം നല്‍കുന്നതോടെ മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയാറിന് കുറുകെ മുറിക്കല്ലില്‍ പാലത്തിന്റെ നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലേയ്ക്കുമുള്ള റോഡിന്റെ നിര്‍മാണമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. അപ്രോച്ച് റോഡിന് ഭൂമിയേറ്റെടുക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്. പാലത്തിന്റെ ഒരു വശത്ത് വെള്ളൂര്‍കുന്നം വില്ലേജിന്റെ പരിധിയില്‍ വരുന്ന 400 മീറ്റര്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായി. വെള്ളൂര്‍കുന്നം വില്ലേജിന് കീഴില്‍ ഒരാളുടെ ഭൂമി മാത്രമാണ് ഏറ്റെടുക്കാനുള്ളത്. പാലത്തിന്റെ മറുവശം മാറാടി വില്ലേജിന്റെ അധീനതയിലാണ്. 130 കവല മുതല്‍ പാലം വരെയുള്ള പ്രദേശത്തെ 1.6 കിലോമീറ്റര്‍ ദൂരമാണുള്ളത്. 1.26 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണത്തിനായി ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് പ്രാദേശിക ഭൂമി പരിവര്‍ത്തന കമ്മിറ്റി തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാന പരിവര്‍ത്തന കമ്മിറ്റിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തെ പ്രധാന പ്രൊജക്ടുകള്‍ക്ക് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുന്നതിന് പുതിയ തണ്ണീര്‍ത്തട നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ കടാതിയില്‍ നിന്നു ആരംഭിച്ച് എംസി റോഡില്‍ 130 ജംഗ്ഷനില്‍ എത്തിച്ചേരുന്നതാണ് പദ്ധതി.