എല്‍ദോ എബ്രഹാം എം.എല്‍.എയുടെ വിവാഹം നാളെ

ജനകീയ കല്ല്യാണത്തിന് നാടൊരുങ്ങി…………………….

മൂവാറ്റുപുഴ:  മൂവാറ്റുപുഴ ജനകീയ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാടൊന്നാകെ പങ്കെടുക്കുന്ന വിവാഹ സല്‍ക്കാരം  ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രാവിലെ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലാണ്  വിവാഹച്ചടങ്ങ് നടക്കുന്നത്. മണ്ഡലത്തിലെ കല്ലൂര്‍ക്കാട് സ്വദേശിനി ഡോ.ആഗി മേരി അഗസ്റ്റിനാണ് പ്രതിശ്രുത വധു. മുവാറ്റുപുഴ മേഖലയുടെ  മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിലാണ് വിവാഹവിരുന്ന് ക്രമീകരിച്ചിട്ടുള്ളത്. സ്‌കൂള്‍ കലോത്സവ വേദികളിലെ നിറസാന്നിദ്ധ്യം പ്രശസ്ത പാചക വിദഗ്ദന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ലളിതമായ വെജിറ്റേറിയന്‍ ഭക്ഷണമാണ് വിരുന്നില്‍ ക്രമീകരിച്ചിട്ടുള്ളത്. ലളിതമായ വിരുന്നെങ്കിലും മുഖ്യമന്ത്രി ഉള്‍പ്പടെ ജീവിതത്തിലെ നാനാതുറകളിലുള്ള പ്രമുഖരെയും, മണ്ഡലത്തിലെ ഭൂരിപക്ഷം കുടുംബങ്ങളെയും ഇതിനകം ക്ഷണിച്ച് കഴിഞ്ഞു. ജനബാഹുല്ല്യം കണക്കിലെടുത്താണ് വിവാഹത്തിന് നഗരസഭ സ്റ്റേഡിയം തെരഞ്ഞെടുത്തത്. നഗരത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് മൈതാനിയില്‍ കല്ല്യാണ പന്തല്‍ ഒരുങ്ങുന്നത്. വിവാഹത്തിനായി എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും വധു, വരന്‍മാരെ കാണുന്നതിനും സല്‍ക്കാരത്തില്‍ പങ്കുച്ചേരുന്നതിനുമുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായത്. വിശാലമായ നഗരസഭ മൈതാനിയില്‍ മധ്യഭാഗത്തായിട്ടാണ് താല്‍ക്കാലിക വിവാഹ വേദി നിര്‍മിച്ചിരിക്കുന്നത്. സ്റ്റേഡിയം ഗ്രൗണ്ടിന് യാതൊരു കേടുപാടുകളുമില്ലാത്ത വിധം തയ്യാറാക്കുന്ന  പ്രത്യോക വേദിയും  പന്തലും, കൃത്യമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പു വരുത്തുന്ന മറ്റു ക്രമീകരണങ്ങളുമാണ് ഒരുങ്ങുന്നത്. വാഹന പാര്‍ക്കിങ്ങിനായി സ്റ്റേഡിയത്തിന് പുറത്തുള്ള ഗ്രൗണ്ട്, ഇ ഇ സി മാര്‍ക്കറ്റ് ഗ്രൗണ്ട്, ഇലാഹിയ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍  സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകളും, കടകളും കയറിയിറങ്ങിയും, വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ കണ്ടുമുട്ടിയവരെ നേരിട്ടും എംഎല്‍എ  ക്ഷണിച്ചു കഴിഞ്ഞു. കൂടാതെ ,മുന്‍ കാലത്ത് തനിക്ക് ക്ഷണക്കത്ത് അയച്ച 5000 ഓളം പേര്‍ക്ക്  ഉള്‍പ്പെടെ 20000 ക്ഷണക്കത്തുകള്‍ നല്‍കിയും വിവാഹം ക്ഷണിച്ചതായി എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രി,സ്പീക്കര്‍, പ്രതിപക്ഷ നേതാവ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍ ,രാഷ്ട്രീയ, സാമുദായിക, സാമൂഹിക, ഔദ്യോഗിക രംഗത്തെ പ്രമുഖര്‍  ഉള്‍പ്പെടെ  പരമാവധി പേര്‍ എത്തിച്ചേരുമെന്ന്  പ്രതീക്ഷിക്കുന്നതായും  എംഎല്‍എ  പറഞ്ഞു. സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനായി സാധ്യമായ മുന്നൊരുക്കങ്ങളും പോലീസ് നടത്തിയിട്ടുണ്ട്. ഇന്നലെ എല്‍ദോ എബ്രഹാം എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സി.പി.എം.ഏരിയ സെക്രട്ടറി എം.ആര്‍.പ്രഭാകരന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ്, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍, കൗണ്‍സിലര്‍ പി.വൈ.നൂറുദ്ധീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പന്തലിന്റെയും, ഊട്ടുപുരയുടെയെല്ലാം ഒരുക്കങ്ങള്‍ വിലയിരുത്തി.

ചിത്രം- എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വിവാഹ വേദിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നു…………..  

Leave a Reply

Back to top button
error: Content is protected !!