ജനകീയ കൂട്ടായ്മയില്‍ കുളപ്പുറം തെക്കേപുന്നമറ്റം ലിങ്ക് റോഡ് യാഥാര്‍ത്ഥ്യമായി.

മൂവാറ്റുപുഴ: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കുളപ്പുറം-തെക്കേപുന്നമറ്റം ലിങ്ക് റോഡ് യാഥാര്‍ത്ഥ്യമായി. ജനപ്രതിനിധികളും, നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ ഒരു പ്രദേശത്തിന്റെ ചിരകാല സ്വപ്‌നമായ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ കുളപ്പുറം-തെക്കേപുന്നമറ്റം ലിങ്ക് റോഡ് യാഥാര്‍ത്ഥ്യമായി. കുളപ്പുറം റോഡില്‍ നിന്നും ആരംഭിച്ച് തെക്കേപുന്നമറ്റം റോഡുമായി ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റര്‍ വരുന്ന ലിങ്ക് റോഡ് വര്‍ഷങ്ങളായി പ്രദേശവാസികള്‍ നടപ്പാതയായിട്ടാണ് ഉപയോഗിച്ചിരുന്നത്. 60-ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന നടപ്പാത റോഡാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മൂന്ന് അടി വീതിയുണ്ടായിരുന്ന നടപ്പാത ആറ് മീറ്ററോളം വീതിയിലാണ് റോഡാക്കി മാറ്റിയത്. എല്‍ദോ എബ്രഹാം എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിന്‍സന്റ് ഇല്ലിക്കല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോബി ജോസ്, പ്രദേശവാസികളായ ജോണ്‍ പുതിയടം, ജോസഫ് ജോണ്‍ പീച്ചാപ്പിള്ളില്‍, അഡ്വ.സിബിസണ്‍ ജോസ്, റെജി ആടുകുഴി, ബിജു പുതിയടം, അനില്‍ ജോസ്, ജോണ്‍സണ്‍ മാങ്കുത്തേല്‍, ഷിന്‍സ്.ടി.ആര്‍  എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളും, കൂടിയാലോചനകളും, മാരത്തോണ്‍ ചര്‍ച്ചകള്‍ക്കുമൊടുവിലാണ് കുളപ്പുറം-തെക്കേപുന്നമറ്റം ലിങ്ക് റോഡ് യാഥാര്‍ത്ഥ്യമായത്. റോഡിനായി സ്വകാര്യ വിക്തികളുടെ സ്ഥലങ്ങളെയാണ് ആശ്രയിക്കേണ്ടി വന്നത്. റോഡ് നിര്‍മ്മാണത്തിന് സൗജന്യമായി ലഭിച്ച സ്ഥലത്തിന് പുറമെ ബ്ലോക്ക് പഞ്ചായത്ത് അംഗം വിന്‍സന്റ് ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ നാട്ടുകാരില്‍ നിന്നും സ്വരൂപിച്ച 16-ലക്ഷം രൂപ സ്ഥലമുടമകള്‍ക്ക് നല്‍കി ഭൂമി ഏറ്റെടുത്തുമാണ് ആറ് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിച്ചിരിക്കുന്നത്. പ്രദേശവാസികള്‍ക്ക് തൊടുപുഴ-ഊന്നുകല്‍ ഹൈവേയില്‍ എത്തിച്ചേരാന്‍ കിലോമീറ്ററുകള്‍ ചുറ്റികറങ്ങേണ്ട അവസ്ഥയിലായിരുന്നു. എന്നാല്‍ റോഡ് യാഥാര്‍ത്ഥ്യമായതോടെ 200-മീറ്റര്‍ സഞ്ചരിച്ചാല്‍ ഹൈവേയില്‍ എത്തിച്ചേരാം. റോഡ് കടന്ന് പോകുന്ന വഴിക്കുള്ള കുളപ്പുറം തോടിന് കുറെ പുതിയ പാലം നിര്‍മിക്കാനും, റോഡ് ടാര്‍ചെയ്യുന്നതിനും ഫണ്ട് അനുവദിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എയും പറഞ്ഞു.

ചിത്രം1)- കുളപ്പുറം – തെക്കേപുന്നമറ്റം ലിങ്ക് റോഡ് നിര്‍മ്മാണത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ സംസാരിക്കുന്നു…

ചിത്രം-എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ കുളപ്പുറം – തെക്കേപുന്നമറ്റം ലിങ്ക് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു…… 

Leave a Reply

Back to top button
error: Content is protected !!