നിര്‍ദ്ധനര്‍ക്ക് ആശ്വാസമായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍.

മാര്‍ച്ച് 12 ലോക വൃക്കദിനം
മൂവാറ്റുപുഴ: ഇന്ന് ലോക വൃക്കദിനം ആചരിക്കുമ്പോള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍. ജില്ലയിലെ തന്നെ മാതൃക ചികിത്സാലയം കൂടിയായ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ നിര്‍ദ്ധനരായ വൃക്കരോഗികളുടെ ആശ്രയകേന്ദ്രമായി മാറികഴിഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് നാലിന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ച് ഏഴ് മാസം പിന്നിടുമ്പോള്‍ 428 ഡയാലിസിസുകളാണ് ഇവിടെ പൂര്‍ത്തിയായത്. പാവപ്പെട്ട വൃക്കരോഗികള്‍ തുടര്‍ ചികിത്സയ്ക്കായി സ്വകാര്യ ഡയാലിസിസ് സെന്ററുകളെ അടയ്ക്കം ആശ്രയിക്കേണ്ട അവസ്ഥയിലും കൃത്യമായി തുടര്‍ ചികിത്സ കിട്ടാതെ മരണപ്പെടുന്ന സ്ഥിതിയില്‍ നിന്ന് ഡയാലിസിസ് വഴി ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാന്‍ കിഞ്ഞുവെന്നതും നിര്‍ധനരായ രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഡയാലിസിസ് ചെയ്യാമെന്നതും ഇവിടത്തെ പ്രത്യേകതയാണ്. ആറ് ഡയാലിസിസ് മെഷിനുകളാണ് ഇവിടെയുള്ളത്. ഇതില്‍ അഞ്ചെണ്ണം ദിവസവും പ്രവര്‍ത്തിക്കുന്നു. ഒരണ്ണം എമര്‍ജന്‍സി ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു ഡോക്ടറും മൂന്ന് ഡയാലിസിസ് ടെക്‌നിഷ്യന്‍മാരും ഒരു നഴ്‌സുമാണ് ഒരു ഷിഫ്റ്റിലായി ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ഡലിസിസ് രണ്ട് ഷിഫ്റ്റ് ആക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭൂരിഭാഗം പേര്‍ക്കും സൗജന്യമായിയാണ് ചികിത്സ നല്‍കുന്നത്. കാരുണ്യ, ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരവും ആര്‍.എസ്.ബി.വൈ.കാര്‍ഡുള്ളവര്‍ക്കുമാണ് സൗജന്യമായി ചികിത്സയുള്ളത്. അല്ലാത്തവര്‍ക്ക് ഒറ്റത്തവണത്തേയ്ക്ക് 500-രുപ മാത്രമാണ് ഈടാക്കുന്നത്. ഒരു ഡയാലിസിസിന് 1500-മുതല്‍ സ്വാകര്യ സ്ഥാപനങ്ങളും ആശുപത്രികളും ഈടാക്കുമ്പോഴാണ് ഇവിടെ കുറഞ്ഞ ചിലവില്‍ ഡയാലിസിസ് നടത്തുന്നത്. ഒരു രോഗിയ്ക്ക് ഡയാലിസിസ് ചെയ്യുന്നതിന് നാല് മണിക്കൂറോളം വേണം. ഇതുവരെ 95 വൃക്ക രോഗികളാണ് ഡയാലിസിസിനായി പേര് രജിസ്‌ട്രേഷന്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 42 ഡയാലിസിസ് സെന്ററുകളാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്‍മ്പത് വര്‍ഷം മുമ്പ് ആലുവയിലാണ് സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത്. ജില്ലയില്‍ ആലുവയ്ക്ക് പുറമെ എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, ഫോര്‍ട്ട് കൊച്ചി, പറവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ മേഖലയിലെ ഡയാലിസിസ് സെന്ററുകള്‍ നിലവിലുള്ളത്.