ജാഗ്രത …ബ്രോക്കര്‍ ബ്രോയെ കരുതിയിരിക്കുക

വാഴക്കുളം: വിവാഹ പ്രായമെത്തിയ യുവജനങ്ങളെ തേടി വ്യാജ ദല്ലാള്‍ വീടുകളിലെത്തി തട്ടിപ്പു നടത്തി മുങ്ങുന്നത് വാഴക്കുളം മേഖലയില്‍ പതിവാകുന്നു. 2000 മുതല്‍ 7000 രൂപ വരെ പണമീടാക്കി മൂവാറ്റുപുഴ പ്രദേശത്തെ വീടുകളിലാണ് തട്ടിപ്പു നടത്തിയിട്ടുള്ളത്.രണ്ടാഴ്ചക്കുള്ളില്‍ ഒരേ പ്രദേശത്തു തന്നെ പല വീടുകളിലും 35 വയസ് പ്രായം തോന്നുന്ന ഇയാള്‍ വെളുത്ത ചേതക് സ്കൂട്ടറില്‍ എത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. വീടുകളിലെത്തി ആവോലി സ്വദേശിയായ ബിനു എന്ന് സ്വയം പരിചയപ്പെടുത്തി അയല്‍ക്കാരുടേയും പ്രമുഖ വ്യക്തികളുടേയും ബന്ധങ്ങള്‍ പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.പാലായിലെ പ്രശസ്ത മാര്യേജ് ബ്യൂറോയില്‍ നിന്നാണെന്നും സ്മാര്‍ട്ടായി വേഷം ധരിച്ച് വാചാലമായി സംസാരിക്കുന്ന ഇയാള്‍ പലയിടത്തും പരിചയപ്പെടുത്തുന്നുണ്ട്.
ആര്‍ക്കും സംശയമുണ്ടാകാത്ത രീതിയില്‍ വാഴക്കുളത്തെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ബന്ധവും അവസരോചിതമായി ഇയാള്‍ പറയുന്നുണ്ട്.വിവാഹാലോചന ആരംഭിക്കുന്ന വീട്ടിലെ കുട്ടിക്ക് യോജിച്ചതെന്ന വ്യാജേന പല വിലാസങ്ങളും ആദ്യമേ പറയും. തുടര്‍ന്ന് രജിസ്ട്രേഷന് ഫീസായി 6800 പാലായിലെ ഓഫീസിലെത്തി അടയ്ക്കാനാണ് ആവശ്യപ്പെടുന്നത്. സമയക്കുറവും ദൂരവും പരിഗണിച്ച് വിമുഖത പറയുന്ന വീട്ടുകാര്‍ക്ക് വ്യാജ ഫോണ്‍ നന്പര് നല്കി ടോക്കണ്‍ തുകയായി 2000 രൂപ മുതല്‍ കൈയില്‍ വാങ്ങുന്നതാണ് ഇയാളുടെ രീതി. നിശ്ചിത തീയതിയില്‍ നടത്തുന്ന പെണ്ണുകാണലിന് ബാക്കി തുക നല്കിയാല് മതിയെന്നും പറയും. ഇതോടെ വീട്ടുകാര്‍ പൂര്‍ണമായി സമ്മതം നല്‍കും. നിശ്ചിത ദിവസം വീട്ടുകാര്‍ ചായയും ഒരുക്കി കാത്തിരിക്കുമെങ്കിലും ആരും വരാറില്ല. തന്നിരിക്കുന്ന ഫോണ്‍ നന്പര് വ്യാജവും ഓഫ് ചെയ്തതുമായിരിക്കും.
കഴിഞ്ഞ മാസങ്ങളില്‍ മേഖലയിലെ നിരവധി ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ആദ്യം പറയുന്ന തുക മുഴുവനായി കൊടുത്ത് നഷ്ടമുണ്ടായവരുമുണ്ട്. തുക ചെറുതായതിനാല്‍ വീട്ടുകാര്‍ പറ്റിയ അബദ്ധം പുറത്തു പറയാതിരിക്കുന്നതും ഇയാളുടെ തട്ടിപ്പിന് സഹായകമാകുകയാണ്.
തട്ടിപ്പിനിരയായ ചിലര്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം നാട്ടുകാരറിയുന്നത്.