മുളവൂരില്‍ പട്ടാപകല്‍ മോഷണം; സ്വര്‍ണ്ണവും പണവും കവര്‍ന്നു

മൂവാറ്റുപുഴ: മുളവൂരില്‍ പട്ടാപകല്‍ വീടിനുള്ളില്‍ കയറിയ മോഷ്ടാവ് സ്വര്‍ണ്ണവും പണവും കവര്‍ന്നു. മുളവൂര്‍ പള്ളിത്താഴം കനാല്‍ ബണ്ട് റോഡില്‍ താമസിക്കുന്ന പറമ്പിക്കുടി മൈതീന്‍ കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ 9.30 നാണ് സംഭവം. വീടിനുള്ളില്‍ കയറിയ മോഷ്ടാവ് വീടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു പവനോളം വരുന്ന കുട്ടിയുടെ സ്വര്‍ണ്ണാഭരണങ്ങളും 10000 രൂപയും മറ്റൊരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയുമാണ് കവര്‍ന്നത്. ഈ സമയം മൈതീന്‍കുട്ടിയും മകനും ജോലിയ്ക്ക് പോയിരുന്നു. സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൈതീന്‍ കുട്ടിയുടെ ഭാര്യ വീടിന് സമീപത്ത് കൃഷി നനച്ച് കൊണ്ടിരിക്കുകയായിരുന്നു. മരുമകള്‍ വീടിന് പുറകില്‍ വസ്ത്രം കഴുകുകയായിരുന്നു. വീടിനുള്ളില്‍ ഉറങ്ങി കിടന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് മരുമകള്‍ വീടിന് അകത്ത് വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത് വീടിനുള്ളിലെ രണ്ട് അലമാരകളില്‍ നിന്നും സാധനങ്ങള്‍ വീടിനുള്ളില്‍ വലിച്ച് വാരിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വീട്ടുകാര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ഉടന്‍ മുവാറ്റുപുഴ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു. മോഷണം നടന്ന വീടിന് സമീപത്ത് തൊഴിലാളികളും അയല്‍ വീടുകളിലെല്ലാം തന്നെ ആളുകള്‍ ഉണ്ടായിരിക്കെയാണ് മോഷ്ടാവ് പട്ടാപകല്‍ വീടിനുള്ളില്‍ കയറി അലമാരയില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്നത്. പട്ടാപകല്‍ വീട്ടില്‍ സ്ത്രീകള്‍ മാത്രമുള്ള സമയത്ത് മോഷ്ടാവ് വീടിനുള്ളില്‍ കയറി സ്വര്‍ണ്ണവും പണവും കവര്‍ന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.  

Leave a Reply

Back to top button
error: Content is protected !!