ബജറ്റില്‍ മൂന്ന് കോടി രൂപ വകയിരുത്തി; പ്രതീക്ഷയോടെ വാഴക്കുളം അഗ്രോ പ്രൊസസിംഗ് കമ്പനി.

മൂവാറ്റുപുഴ: കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രൊസസിംഗ് കമ്പനിയ്ക്ക് സംസ്ഥാന ബജറ്റില്‍ പ്രവര്‍ത്തന മൂലധനമായി മൂന്ന് കോടി രൂപ വകയിരുത്തിയതോടെ അടച്ച് പൂട്ടല്‍ ഭീഷണിയിലായിരുന്ന കമ്പനിയ്ക്ക് പുത്തന്‍ ഉണര്‍വ്വേകും. വാഴക്കുളം അഗ്രോ പ്രൊസസിംഗ് കമ്പനിയ്ക്ക് പ്രവര്‍ത്തന മൂലധനമായി മൂന്ന് കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. ഇതോടൊപ്പം തന്നെ കമ്പനിയില്‍ പൈനാപ്പിളില്‍ നിന്നും വൈന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിക്കുമെന്നും ബജറ്റില്‍ പ്രതിപാതിച്ചിച്ചുണ്ട്. പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം മൂലം ഉല്‍പ്പാദനം നിലച്ചിരിക്കുന്ന അവസ്ഥയിലായിരുന്ന കമ്പനിയ്ക്ക് പുതുജീവന്‍ നല്‍കുന്നതാണ് ബജറ്റില്‍ തുക വകയിരുത്തിയത്. കമ്പനിയെ പുരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ പ്രോജക്ട് പ്രൊപ്പോസല്‍ സര്‍ക്കാരില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ബജറ്റില്‍ മൂന്ന് കോടി രൂപ വകയിരുത്തിയിരിക്കുന്നത്. ഈ തുക ലഭ്യമാകുന്നതോടെ നിലവിലെ പ്രതിസന്ധികള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുകയും ജൈവ് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം പുനരാരംഭിക്കുന്നതിനും കഴിയും. ഇതോടൊപ്പം തന്നെ കമ്പനിയില്‍ നാല് കോടി രൂപ മുടക്കി സജ്ജമായികൊണ്ടിരിക്കുന്ന പെറ്റ് ബോട്ടില്‍ പ്ലാന്റില്‍ നിന്നും പുതിയ ജൂസ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും കഴിയും. കമ്പനിയില്‍ പ്രവര്‍ത്തന മൂലധനമില്ലാത്തതിനാല്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനോ തൊഴിലാളികളുടെ ശമ്പളമടക്കം നല്‍കുന്നതിനോ കഴിയാത്ത അവസ്ഥയിലായിരുന്നു. കഴിഞ്ഞ മാസം കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ സാന്നിദ്ധ്യത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, കമ്പനി ചെയര്‍മാന്‍ ഇ.കെ.ശിവന്‍, മാനേജിംഗ് ഡയറക്ടര്‍ ഷിബുകുമാര്‍.എല്‍, കൃഷി വകുപ്പ് അഡീഷ്ണല്‍ സെക്രട്ടറി ബോബി ആന്റണി, കമ്പനി ഡയറക്ടര്‍മാര്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്ന് കമ്പനിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന ബജറ്റില്‍ മൂന്ന് കോടി രൂപ വകയിരുത്തിയത്.   കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി യൂറോപ്പ്യന്‍ യൂണിയന്റെ സാമ്പത്തീക സഹായത്തോടെയാണ് വാഴക്കുളത്ത് നടുക്കര അഗ്രോപ്രസസിംഗ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. 2500-രൂപ ഷയറും, 50 സെന്റ് സ്ഥലവുമുള്ള കര്‍ഷകരെ അംഗങ്ങളാക്കി കര്‍ഷകരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന കമ്പനിയിലെ ജൈവ് ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ വരെ സ്ഥാനം പിടിച്ചിരുന്നു. കമ്പനി ലാഭത്തിലുമായിരുന്നു. 2012 ലാണ് നിലവിലുള്ള കര്‍ഷകരുടെ നിയന്ത്രണത്തിലുള്ള ഭരണ സമിതിയെ പിരിച്ച് വിട്ട് കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖല സ്ഥാപനമാക്കി മാറ്റിയത്. ഇതോടെ കമ്പനിയുടെ തകര്‍ച്ചയും ആരംഭിച്ചു. 2012 മുതല്‍ 19 വരെയുള്ള കാലയളവില്‍ 10-കോടി യോളം രൂപ നഷ്ടത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല കമ്പനിയിലെ തൊഴിലാളികള്‍ക്ക് 12 മാസത്തെ ശമ്പള കുടിശ്ശിഖയും നല്‍കാനുണ്ട്. പലഘട്ടങ്ങളില്‍ സര്‍ക്കാര്‍ കോടി കണക്കിന് രൂപ കമ്പനിയില്‍ വിനിയോഗിച്ചങ്കിലും കമ്പനിയെ രക്ഷപ്പെടുത്താനായില്ല. കാലപ്പഴക്കം ചെന്ന മെഷിനറികളും മറ്റും കമ്പനിയുടെ പ്രവര്‍ത്തനത്തെ തന്നെ തകിടം മറിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളകമ്പനിയെ കരകയറ്റുന്നതിനായി ജൈവ് ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ മറ്റ്പ്രൊഡക്റ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെ കുറിച്ചും കമ്പനി മാനേജ്മെന്റ് വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കമ്പനിയില്‍ ജലസേജന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഹില്ലി അക്വ കുപ്പി വെള്ളത്തിന്റെ പ്ലാന്റ് സ്ഥാപിക്കുന്നതിന് പ്രൊജക്ട് തയ്യാറാക്കി വരികയാണ്. ജൈവ് കുപ്പിവെള്ളം വിപണിയിലിറക്കാനുള്ള നീക്കവും നടത്തിയിരുന്നു. ഇതോടൊപ്പം തന്നെ പൈനാപ്പിള്‍ വൈന്‍ കമ്പനിയില്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ കൃഷിചെയ്യുന്ന പ്രദേശമാണ് വാഴക്കുളം. ഉല്‍പ്പാദിപ്പിക്കുന്ന പൈനാപ്പിളിന് വിപണി കണ്ടെത്താനാകാത്തതാണ് പൈനാപ്പിള്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നവും. ഇതരസംസ്ഥാനങ്ങളിലടക്കം വിപണികളെയാണ് ഏറെയും ആശ്രയിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വിപണികളില്‍ പൈനാപ്പിളിന് ഡിമാന്റ് കുറയുമ്പോള്‍ പൈനാപ്പിള്‍ സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വാഴക്കുളം കമ്പനിയെയാണ് ആശ്രയിച്ചിരുന്നത്. കമ്പനി പ്രതിസന്ധിയിലായതോടെ പൈനാപ്പിള്‍ സംഭരണവും നിലച്ചിരുന്നു. കമ്പനിയില്‍ പൈനാപ്പിളില്‍ നിന്നും വൈന്‍ ഉല്‍പ്പാദനവും ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനവും പൈനാപ്പിള്‍ കര്‍ഷകര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ചിത്രം- വാഴക്കുളം അഗ്രോപ്രൊസസിംഗ് കമ്പനി……………………..

Leave a Reply

Back to top button
error: Content is protected !!