വാഴക്കുളത്ത് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.

വാഴക്കുളം: വാഴകുളത്ത് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.ഇന്നലെ രാവിലെ എട്ടരയോടെ വാഴക്കുളം ഫെഡറൽ ബാങ്കിനു സമീപമുള്ള വളവിലായിരുന്നു അപകടം. കദളിക്കാട് തെക്കുംമല കൂവേലിൽ വർഗീസിന്റെ (കുഞ്ഞ്) ഭാര്യ ചിന്നമ്മ (65)-ണ് മരിച്ചത്.കദളിക്കാടു ഭാഗത്തുനിന്ന് വാഴക്കുളത്തേക്കു സ്കൂട്ടറിൽ വരികയായിരുന്നു വർഗീസും ചിന്നമ്മയും. ഒരേ ദിശയിൽ വരികയായിരുന്ന ടിപ്പർ ലോറിയെ മറികടന്നെത്തിയ കാർ ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയേറ്റ് നിയന്ത്രണം വിട്ടു മറിഞ്ഞ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ചിന്നമ്മ പിന്നാലെ എത്തിയ ടിപ്പറിനടിയിൽ പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടനെ തന്നെ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചിന്നമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.മുവാറ്റുപുഴ ജനറലാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. ഉച്ചകഴിഞ്ഞ് 3 ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തും.വാഴക്കുളത്തെ ഹോട്ടലിൽ ജീവനക്കാരിയായിരുന്ന ചിന്നമ്മ വാഴക്കുളം കാവന കുന്നേൽ കുടുംബാംഗമാണ്. മക്കൾ: സുബി ( ലബോറട്ടറി ജീവനക്കാരി, നിർമല മെഡിക്കൽ സെൻറർ, മൂവാറ്റുപുഴ), ജോബി. മരുമകൻ: ബിജു പുത്തൻപുരയിൽ കോതമംഗലം.
