ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ജീവൻ നിലനിർത്താൻ മൂവാറ്റുപുഴ– പിറവം റൂട്ടിലെ സ്വകാര്യ ബസുകൾ നാളെ കാരുണ്യ യാത്ര നടത്തും.

മൂവാറ്റുപുഴ∙ ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ജീവൻ നിലനിർത്താൻ മൂവാറ്റുപുഴ– പിറവം റൂട്ടിലെ സ്വകാര്യ ബസുകൾ മുഴുവൻ നാളെ കാരുണ്യ യാത്ര നടത്തും. പിറമാടം ശൂലം പുത്തൻപുരയിൽ പരേതനായ ഗോപാലന്റെ സി.ജി.രാജപ്പന്റെ ചികിത്സയ്ക്കു വേണ്ട പണം കണ്ടെത്താൻ വേണ്ടിയാണ് തിങ്കളാഴ്ച ഈ റൂട്ടിലെ സ്വകാര്യ ബസുകളുടെ സർവീസ്. 10 വർഷത്തിലെറെയായി ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ആഴ്ച്ചയിൽ 2 ഡയാലിസിസ് വീതം നടത്തേണ്ട അവസ്ഥയിലാണ് രാജപ്പൻ. ഇപ്പോൾ 1000 ൽ അധികം ഡയാലിസിസുകൾക്ക് വിധേയനായി കഴിഞ്ഞു. സുമനസുകളുടെ സഹായത്തോടു കൂടിയാണ് ചികിത്സയും ജിവിതം മുന്നോട്ട് പോകുന്നത്. രാജപ്പന് ജീവൻ നിലനിർത്തുന്നതിന് ഉടൻ തന്നെ വൃക്ക മാറ്റി വയ്ക്കേണ്ടി വരുമെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിനാവശ്യമായി വരുന്ന ഭീമമായ തുക കണ്ടെത്താൻ കഴിയാതെ നിസഹായാവസ്ഥയിലായിരുന്ന നിർധന കുടുംബത്തെ സഹായിക്കാനാണ് മുൻ എംഎൽഎ ജോസഫ് വാഴക്കന്റെ അഭ്യർഥനയെ തുടർന്ന് മൂവാറ്റുപുഴ–പിറവം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകളുടെ നേതൃത്വത്തിൽ കാരുണ്യ യാത്ര നടത്താൻ തീരുമാനിച്ചത്. കാരുണ്യ യാത്ര രാവിലെ 7 കച്ചേരിത്താഴത്ത് ജോസഫ് വാഴക്കൻ ഫ്ലാഗ്ഓഫ് ചെയ്യും. മുവാറ്റുപുഴ – പിറവം റൂട്ടിലെ 16 ബസുകൾ ഇതിനായി നിരത്തിൽ ഇറങ്ങും എന്ന് ബസ് അസോസിയേഷൻ ഭാരവാഹികളായ അനിൽ കുമാർ, സുരേഷ് കൊമ്പനാൽ, ജോയ്സ് പിറവം എന്നിവർ അറിയിച്ചു

