കിഴക്കന്‍ മേഖലയില്‍ പ്ലാവിനും ചക്കയ്ക്കും പ്രിയമേറുന്നു.

പോത്താനിക്കാട് : തീന്‍ മേശകളില്‍ ഇഷ്ടവിഭവമായി മാറുന്ന ചക്കയ്ക്ക് ഡിമാന്‍റ് ഏറിവരുന്നു. സംസ്ഥാന ഫലമായ ചക്ക രുചിയിലും വിലയിലും താരമായി മാറുകയാണ്. വിഷമയമില്ലാത്ത ഭക്ഷ്യ വസ്തുവെന്ന കണ്ടെത്തല്‍ ചക്കയുടെ ഡിമാന്‍റ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇടിച്ചക്ക കൊണ്ടുണ്ടാക്കുന്ന ബേബി ഫുഡ്, പൊടി, കാലിത്തീറ്റ എന്നിവയ്ക്ക് രാജ്യത്തിന് അകത്തും പുറത്തും പ്രിയമേറിയതും കാരണമായി ചൂണ്ടിക്കാണിക്കുന്നു.സീസണ്‍ ആരംഭിച്ചതോടെ ഇടിച്ചക്ക കച്ചവടം ഗ്രാമ പ്രദേശങ്ങളായ പൈങ്ങോട്ടൂര്‍, ചാത്തമറ്റം, പനങ്കര, കടവൂര്‍ നാലാം ബ്ലോക്ക്, ഞാറക്കാട്, പോത്താനിക്കാട്, വാക്കത്തിപ്പാറ മേഖലകളില്‍ പൊടിപ്പൊടിക്കുകയാണ്. പലയിടങ്ങളിലും എണ്ണത്തിനാണ് വില. 20 മുതല്‍ 35 വരെ വില നല്‍കിയാണ് കുടിയിടകളില്‍ നിന്നും കച്ചവടക്കാര്‍ ഇടിച്ചക്ക വാങ്ങുന്നത്. വലിപ്പമുള്ളവയ്ക്കാണ് കൂടുതല്‍ ഡിമാന്‍റ്. കച്ചവടക്കാര്‍ വില്‍ക്കുമ്പോള്‍ കിലോ ഗ്രാമിന് അനുസരിച്ചാണ് വില ലഭിക്കുന്നതെന്നതാണ് കാരണം. നാട്ടിന്‍പുറങ്ങളില്‍നിന്നും വാങ്ങുന്ന ചക്ക നഗരപ്രദേശങ്ങളില്‍ 50 മുതല്‍ 80 വരെ രൂപ വിലയ്ക്കാണ് വിറ്റഴിക്കുന്നത്. ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ഹോട്ടലുകളിലും ഇതിനോടകം തന്നെ ചക്ക വിഭവങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. തോരന്‍, പുഴുക്ക്, അച്ചാര്‍ തുടങ്ങിയ നിരവധി വിഭവങ്ങള്‍ മാര്‍ക്കറ്റിലും സ്ഥാനം പിടിച്ചു കഴിഞ്ഞു.ബാര്‍ ഹോട്ടലുകളിലും ഇവയ്ക്ക് മറ്റു മുന്തിയ ഇനം വിഭവങ്ങളേക്കാള്‍ പ്രിയം കൂടിയിട്ടുണ്ട്. കൂടാതെ, ചക്കക്കുരുവിനും വിപണിയില്‍ വലിയ സ്വീകാര്യതയാണുള്ളത്. കിലോഗ്രാമിന് 60-110 വരെയാണ് കാര്‍ഷിക വിപണനകേന്ദ്രങ്ങളിലെ ഇപ്പോഴത്തെ വില. സീസണാകുന്നതോടെ വില അല്പ്പം കുറയുമെങ്കിലും അന്യ സംസ്ഥാനങ്ങളിലേക്ക് അയക്കുമ്പോള്‍ ഇടിച്ചക്കകള്‍ക്ക് വലിയ വില ലഭിക്കുന്നുവെന്നത് കൂടുതല്‍ കച്ചവടക്കാരെ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്.കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ വിളവ് കുറഞ്ഞത്.കാലാവസ്ഥയിലുണ്ടായ വ്യതിയാനംമൂലമാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് പ്ലാവില്‍ കയറുന്നതടക്കമുള്ള ജോലികള്‍ ചെയ്യുന്നതെന്നത് കച്ചവടക്കാര്‍ക്ക് വന്‍ ലാഭത്തിന് വഴി വയ്ക്കുന്നുണ്ട്. മറ്റു കൃഷികളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്നതിനാല്‍ കര്‍ഷകരും സന്തോഷത്തിലാണ്. കഴിഞ്ഞ സീസണുകളില്‍ വന്‍ ഡിമാന്‍റ് ലഭിച്ചതോടെ കര്‍ഷകരില്‍ പലരും വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചിരുന്നു. നല്ല ഇനം പ്ലാവ് രണ്ട് വര്‍ഷം കൊണ്ട് നല്ല ഫലം നല്‍കുമെന്നതാണ് യുവ കര്‍ഷകരെ അടക്കം പ്ലാവ് കൃഷിയിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്.