ആദിവാസി യുവതിക്കു തുരങ്കം പ്രസവമുറിയായി

കോതമംഗലം: ഇടമലയാര്‍ ഡാമിനടുത്തു വനത്തിനുള്ളിലെ വൈശാലി ഗുഹ എന്നറിയപ്പെടുന്ന തുരങ്കം ആദിവാസി യുവതിക്കു പ്രസവമുറിയായി. പൊങ്ങന്‍ചുവട് ആദിവാസി കുടിയിലെ മാളു ആണ് തുരങ്കത്തില്‍വച്ച് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം.ഭര്‍ത്താവ് സതീഷിനൊപ്പം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ മാളുവിനു പ്രസവവേദന കൂടുകയായിരുന്നു. തുരങ്കത്തിലൂടെയാണ് ഇതുവഴിയുള്ള റോഡ് കടന്നുപോകുന്നത്. ഒപ്പമുണ്ടായിരുന്നവര്‍ തുരങ്കത്തില്‍ ആവശ്യമായ സൗകര്യമൊരുക്കി നല്കി.വൈകാതെ സുഖപ്രസവവും നടന്നു.
പത്തു കിലോമീറ്റര്‍ അകലെ വടാട്ടുപാറയില്‍ വാക്സിനേഷന് ജോലിയിലായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ വിവരമറിഞ്ഞു സ്ഥലത്ത് പാഞ്ഞെത്തി. ഡോ. ഗോപിനാഥും നഴ്സുമാരുമടങ്ങുന്ന സംഘം ആവശ്യമായ പരിചരണം നല്കിയതിനാല് അമ്മയ്ക്കും കുഞ്ഞിനും പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ദുര്‍ഘടമായ വനപാതയിലൂടെ ഏറെ പാടുപെട്ടാണ് മെഡിക്കല്‍ സംഘവും ആംബുലന്‍സും എത്തിയത്. കുട്ടന്പുഴ പഞ്ചായത്തിന്റെ ആംബുലന്‍സില്‍ മാളുവിനെയും കുഞ്ഞിനെയും പെട്ടെന്നുതന്നെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു.
കഴിഞ്ഞദിവസം മാളുവിനെ താലൂക്ക് ആശുപത്രിയില്‍ പരിശോധിച്ചിരുന്നു. പ്രസവമടുത്തതിനാല്‍ അഡ്മിറ്റാകണമെന്നു നിര്‍ദേശിച്ചിരുന്നതായി പറയുന്നു. വ്യാഴാഴ്ച വീണ്ടുമെത്താമെന്ന് അറിയിച്ച് ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
മാളുവിന്റെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യത്തെ പ്രസവത്തില്‍ ഇരട്ടപെണ്കുഞ്ഞുങ്ങളാണ്.