ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പശുക്കളില്‍ കാപ്രിപോക്സ് വൈറസ് ബാധ; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം

മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പശുക്കളില്‍ ചര്‍മ്മ മുഴ പരത്തുന്ന കാപ്രിപോക്‌സ് വൈറസ് ബാധ സ്ഥിതീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനം. ക്ഷീര കര്‍ഷകരെ ആശങ്കയിലാഴ്ത്തി കാപ്രിപോക്‌സ് വൈറസ് ബാധ സ്ഥിതീകരിച്ചതോടെ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജുവിന് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്നലെ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ലൈബി പോളിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലും, കോതമംഗലത്തും അവലോകന യോഗം ചേര്‍ന്നത്. യോഗത്തില്‍ കിഴക്കന്‍ മേഖലയിലെ മുഴുവന്‍ മൃഗ ഡോക്ടര്‍മാരും പങ്കെടുത്തു. രോഗ ലക്ഷണങ്ങള്‍ കണ്ട പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. കോതംമംഗലം ബ്ലോക്കിലെ മുഴുവന്‍ പശുക്കള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ പിണ്ടിമന, ഊന്നുകല്‍ പ്രദേശങ്ങൡ സംഘം പരിശോധന നത്തുകയും ചെയ്തു. മൂവാറ്റുപുഴ താലൂക്കില്‍ പശുക്കളിലെ ലംപി സ്‌കിന്‍ ഡിസീസ് വ്യാപനം സംബന്ധിച്ച അവലോകന യോഗം ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ലൈബി പോളിന്റെ അധ്യക്ഷതയില്‍ മൂവാറ്റുപുഴ വെറ്ററിനറി പൊളിക്ലിനിക്കില്‍ വെച്ച് കൂടി. താലൂക്കിലെ വിവിധ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ പങ്കെടുത്തു. രോഗ പ്രതിരോധത്തിനും, ചികിത്സക്കും വേണ്ടി കര്‍മ്മ പരിപാടി ആവിഷ്‌കരിച്ചു. രോഗ സാന്നിധ്യം ജില്ലയില്‍ 20 പഞ്ചായത്തുകളില്‍ ഉള്ളതില്‍ തദ്ദേശസ്വയം ഭരണ സ്ഥാപന അധികരികളുമായും, ക്ഷീര വികസന വകുപ്പ്, മില്‍മ, കര്‍ഷക കൂട്ടായ്മകള്‍ എന്നിവയുമായി സഹകരിച്ച് ബോധവത്കരണം നടത്തുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി വാക്സിനേഷന്‍ സ്‌ക്വാഡ് രൂപീകരിക്കുകയും, ചികിത്സക്കും രോഗ വ്യാപനം തടയുന്നതിനുമായി ആവശ്യമായ അണുനാശിനികളും ആവശ്യം മരുന്നുകളും ലഭ്യമാക്കുന്നതിനുമായി തദ്ദേശസ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു.മൂവാറ്റുപുഴ താലൂക്കില്‍ വാളകത്ത് രണ്ടും, മാറാടിയില്‍ മൂന്നും, മണീട് അഞ്ചും പശുക്കളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗ ലക്ഷണങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കൂടുതലായി കണ്ട് വരുന്നുണ്ടന്നാണ് സൂചന. രോഗ ലക്ഷണങ്ങള്‍ കാണുന്ന കര്‍ഷകര്‍ വിവരം വെറ്ററിനറി ഡിസ്‌പെന്‍സറികളില്‍ അറിയിക്കണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. ലൈബി പോളിന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ബേബി ജോസഫ്, താലൂക്ക് കോര്‍ഡിനേറ്റര്‍ ഡോ.ഷമീം അബൂബേക്കര്‍ എന്നിവര്‍ അടങ്ങിയ സംഘം രോഗ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.വാളകം പഞ്ചായത്തില്‍ ഇന്ന് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിന് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മണീട് പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 320 പശുക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി കഴിഞ്ഞു.
ചിത്രം- മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴില്‍ നടന്ന യോഗത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പോളിന്‍ സംസാരിക്കുന്നു.