റബ്ബർ താങ്ങുവില പ്രഖ്യാപിച്ചത് ഉടൻ കർഷകർക്ക് ലഭ്യമാക്കണം:ആന്റണി ജോൺ എം എൽ എ

കോതമംഗലം : റബര്‍ ഉത്പ്പാദക സംഘം വഴി കിലോക്ക് 150 രൂപ താങ്ങുവില പ്രഖ്യാപിച്ചത് കോതമംഗലം മണ്ഡലത്തിലെ റബര്‍ കര്‍ഷകര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് ആന്‍റണി ജോണ്‍ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്‍റീവ് സ്കീം പ്രകാരം നിലവില്‍ നല്‍കി വരുന്ന 150 രൂപയില്‍ നിന്നും തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. തനത് റവന്യു വരുമാനത്തില്‍ കുറവ് വന്നതടക്കമുള്ള കാരണത്താല്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചുവെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് കുടിശികയായിട്ടുള്ള സബ്സിഡി വിതരണത്തിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. റബറിന്‍റെ താങ്ങുവില 200 രൂപ ആയി വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന താങ്ങുവിലയായ കിലോയ്ക്ക് 150 രൂപയ്ക്ക് പുറമെ കേന്ദ്ര സഹായമായി 50 രൂപയോടു കൂടി കേന്ദ്ര ബജറ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അനുകൂലമായ പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര ബജറ്റില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി.