മൂവാറ്റുപുഴ വിട്ടുകൊടുക്കുന്നു എന്ന പ്രചാരണം തെറ്റ് – ജോസഫ് വാഴക്കൻ.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലം സീറ്റ് കേരളാ കോൺഗ്രസിന് വിട്ടു കൊടുക്കുന്നു എന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ പറഞ്ഞു. മൂവാറ്റുപുഴ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തിൽ സംസാരക്കുമ്പോഴാണ് ജോസഫ് വാഴക്കൻ സംശയത്തിനിട നല്കാതെ ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലം സംബന്ധിച്ച് കോൺഗ്രസിലോ യു.ഡി.എഫി ലോ ഒരാലോചനയും നടന്നിട്ടില്ല. നടന്നിട്ടില്ലാത്ത കാര്യങ്ങൾ വസ്തുതകളായി അവതരിപ്പിക്കാനുള്ള ശ്രമം നല്ലതല്ല. മൂവാറ്റുപുഴ സീറ്റ് കോൺഗ്രസിനുള്ളതാണ്. മൂവാറ്റുപുഴയുടെ വികസന സാധ്യതകളെ ഏറെ മുന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസിന് കഴിഞ്ഞു എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. മൂവാറ്റുപുഴ കോൺഗ്രസിന് നല്ല വേരുകളുള്ള മണ്ഡലമാണെന്നും അത് വിട്ടുകൊടുക്കുന്നു എന്ന തരത്തിൽ ജനങ്ങളിൽ ചർച്ചയുണ്ടാക്കി യു.ഡി.എഫിൽ വിള്ളലുണ്ടാക്കാമെന്നുള്ള വിചാരം നല്ല രാഷ്ട്രീയമല്ല. യു.ഡി.എഫിൽ ആരുടെയും പക്ഷത്തു നിന്ന് ഇത്തരത്തിൽ ഒരാവശ്യം ഒരിടത്തും ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും ജോസഫ് വാഴക്കൻ പറഞ്ഞു. കഴിഞ്ഞ ഭരണത്തിൽ അഞ്ചുവർഷക്കാലം കൊണ്ട് ഐ.എ.എസ്. അക്കാദമി പോലെ മൂവാറ്റുപുഴയിൽ നിരവധി വികസന പദ്ധതികൾ കൊണ്ടുവരാനായി. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റ്, മുറിക്കല്ല് പാലം, നഗരവികസനം, പുഴയോര നടപ്പാത, നഗരനിരത്തുകൾ ഉന്നത നിലവാരത്തിലെത്തിച്ചത് തുടങ്ങി ഒട്ടനവധി പദ്ധതികൾ ഇക്കാലത്താണ് വന്നത്. ഈ വികസന പശ്ചാത്തലം കോൺഗ്രസിന് മുതൽക്കൂട്ടാകുമെന്നിരിക്കെ സീറ്റ് വിട്ടുകൊടുക്കുന്നതോ വച്ചുമാറുന്നതോ ആത്മഹത്യാപരമാണെന്ന നിലപാടിലാണ് കോൺഗ്രസ് അണികളും നേതാക്കളും. ഇത് മറ്റുപ്രചാരങ്ങളുടെ മുനയൊടിക്കുമെന്ന് നേതാക്കൾ പറഞ്ഞു. യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എസ്.സലീംഹാജി അധ്യഷനായിരുന്നു.