ജനപ്രതിനിധികളെ ആക്ഷേപിക്കുന്ന തരത്തിലേയ്ക്ക് സി പി എം മന്ത്രിമാര്‍ അധപതിച്ചു; വിന്‍സന്റ് ജോസഫ്

മൂവാറ്റുപുഴ: കേരള ജനതയ്ക്ക് വേണ്ടി സംസാരിക്കുന്ന ജനപ്രതിനിധികളെ കള്ളറാസ്‌ക്കലെന്നും വിടുവായുത്ത്വം പറയുന്നവരെന്നും ആക്ഷേപിക്കുന്ന തരത്തിലേയ്ക്ക് സി.പി.എം മന്ത്രിമാര്‍ അധപതിച്ചിരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ്-ജോസഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ലയനപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെയും പണത്തിന്റെയും കൊഴുപ്പില്‍ എന്തും പറയാമെന്ന ധാര്‍ഷ്ട്യം ഇവരെ മഥിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ജനതയുടെ കോറോണ വൈറസ് ഭീതിയകറ്റുന്നതിന് ആരോഗ്യ വകുപ്പ് എന്ത് നടപടിയാണ് കൈകൊണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വിക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി എന്നും നിലകൊണ്ടിട്ടുള്ളത് സാധാരണക്കാരായ കര്‍ഷകര്‍ക്കും സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട അവശത അനുഭവിക്കുന്നവര്‍ക്കും വേണ്ടിയാണന്നും അതിന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മുന്‍നിരയില്‍ നിന്നയാളാണ് ജോണി നെല്ലൂരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് ഏഴിന് ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന ലയന സമ്മേളനത്തില്‍ മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ നിന്നും 500-പേരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വിനോയി താണികുന്നേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടോമി പാലമല മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറിമാരായ അജാസ് പായിപ്ര, ജോളി താണിയ്ക്കല്‍, ജോമോന്‍ കുന്നുംപുറം, പി.എന്‍.കുട്ടപ്പന്‍പിള്ള, എ.വി.പോള്‍, ലോറന്‍സ് ഏനാനിയ്ക്കല്‍, തങ്കച്ചന്‍ കുന്നത്ത്, ഷാജി നീരോലിക്കല്‍, സെബി പൂവന്‍, കെ.എച്ച്.റഷീദ്, ജോണ്‍ വാളകം, ജോബി ആവോലി, എന്നിവര്‍ സംസാരിച്ചു. യോഗം ജോണിനെല്ലൂരിന് പൂര്‍ണ്ണ പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു.