ഗുജറാത്ത് സ്വദേശിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി….

വാഴക്കുളം: വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മടക്കത്താനം കോയിക്കര ഡൊമിനികിന്റെ ഭാര്യ അനു( ജാനകി -29) വിനെയാണ് വീടിനുള്ളിലെ ഫാനിൽ മരിച്ച നിലയിൽ കണ്ടത്.ഞായറാഴ്ച രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് അനുവിനെ മരിച്ച നിലയിൽ കണ്ടത്. വൈകുന്നേരം മൂന്നു മണിയോടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഏക മകൻ ശ്രാവണിനെ തറവാടു വീട്ടിലാക്കി അനു തിരികെ പോന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. കുട്ടിയെ കൊണ്ടുപോകാൻ അനു എത്താത്തതിനാൽ രാത്രി എട്ടോടെ വീട്ടിലെത്തിയവർ വീടു അകത്തുനിന്നു പൂട്ടിയ നിലയിൽ കാണുകയായിരുന്നു. ഭർത്താവ് ഡൊമിനിക് ജോലി സംബന്ധമായി പുറത്തു പോയിരിക്കുകയായിരുന്നു. ഗുജറാത്ത് സ്വദേശിനിയാണ് അനു എന്നു വിളിക്കുന്ന ജാനകി. ഭർത്താവിനെ അഭിസംബോധന ചെയ്ത് ഗുജറാത്തി ഭാഷയിലെഴുതിയ ആത്മഹത്യാ കുറിപ്പ് വാഴക്കുളം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാഷാശൈലി വ്യത്യസ്തമായതിനാൽ ഇതര സംസ്ഥാനക്കാരുമായി ബന്ധപ്പെട്ട് കുറിപ്പു വായിച്ചു മനസിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.മുവാറ്റുപുഴ ജനറലാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ മുവാറ്റുപുഴ പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി