പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യങ്ങളില്ലാതെ മൂവാറ്റുപുഴ നഗരത്തിലെത്തുന്നവര്‍ വലയുന്നു.

മൂവാറ്റുപുഴ: പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യങ്ങളില്ലാതെ മൂവാറ്റുപുഴ നഗരത്തിലെത്തുന്നവര്‍ വലയുന്നു. ഹ്രസ്വ-ദീര്‍ഘദൂര യാത്രക്കാരടക്കം ദിവസവും ആയിരക്കണക്കിന് ആളുകളാണ് മൂവാറ്റുപുഴ നഗരത്തില്‍ എത്തുന്നത്. ജനതിരക്കേറിയ നഗരത്തില്‍ ആകെയുള്ളത് ഒരു കംഫര്‍ട്ട് സ്റ്റേഷനും ഇ-ടോയ്ലറ്റും മാത്രമാണ്. നഗരസഭയുടെ കീഴില്‍ കച്ചേരിത്താഴത്താണ് കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. വെളിച്ചമില്ലാത്തതുമൂലം രാത്രി സമയങ്ങളില്‍ ഇവിടേക്ക് പ്രവേശിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.വഴിവിളക്കുകള്‍ പ്രകാശിക്കാത്തതാണു കാരണം.
നഗരത്തില്‍ ആവശ്യത്തിനു കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഇല്ലാത്തതുമൂലം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. കഴിഞ്ഞ നഗരസഭാ ഭരണകാലത്ത് നെഹ്റു പാര്‍ക്ക് ജംഗ്ഷനില്‍ ഇ-ടോയ്ലറ്റ് സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും താമസിയാതെ അടച്ചുപൂട്ടി. ഏതാനും മാസം മുന്‍പ് മറ്റൊരു ഇ-ടോയ്ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആധുനിക രീതിയിലുള്ള ടോയ്ലറ്റ് ഉപയോഗിക്കാന്‍ പലര്‍ക്കും അറിയാത്തതാണ് ഇതിനു കാരണം. ഏതാനു നാള് മുന്‍പ് ടോയ്ലറ്റില് കയറിയ യുവാവിന് പിന്നീട് വാതില്‍ തുറക്കാനായില്ല. ഓട്ടോമാറ്റിക് വാതില്‍ ലോക്കായതാണ് കാരണം. പിന്നീട് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി യുവാവിനെ പുറത്തിറക്കുകയായിരുന്നു.
നിലവില്‍ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലും മറ്റുമുള്ള ശുചിമുറികളെയാണ് യാത്രക്കാര്‍ കൂടുതലായും ആശ്രയിക്കുന്നത്. എന്നാല്‍ രാത്രിയില്‍ സ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ ദുരിതം ഇരട്ടിയാവുകയാണ്. മഴക്കാലത്താണ് ഏറെയും ദുരിതം. നഗരത്തില്‍ ആവശ്യത്തിന് ശുചിമുറികള്‍ പണികഴിപ്പിച്ച് ജനങ്ങളുടെ ദുരിതത്തിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.