എംഎ കോളജിലെ ആക്രമണം: പോലീസ് അന്വേഷണം ആരംഭിച്ചു.

കോതമംഗലം: എംഎ കോളജിലെ കായികാധ്യാപകനെയും കോളജ് യൂണിയന് ചെയര്‍മാനെയും കെഎസ് യു നേതാവിനെയും ആക്രമിച്ച സംഭവത്തില്‍ കോതമംഗലം പോലീസ് കേസെടുത്തു.ആക്രമണത്തിനിരയായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മൂന്നു പേരും മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ചികിത്സയിലാണ്. കോളജിലെ കായികാധ്യാപകന് ഹാരി ബെന്നി, വിദ്യാര്‍ഥി യൂണിയന് ചെയര്മാന് അഖില്‍ ബേസില്‍ രാജു, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ഏലിയാസ് എല്‍ദോസ് എന്നിവര്‍ക്കുനേരേയാണ് തിങ്കളാഴ്ച വൈകുന്നേരം കാന്പസിനുള്ളില്‍ ആക്രമണം ഉണ്ടായത്.കോളജിലെ സ്വിമ്മിംഗ് പൂളിന് സമീപം കാന്പസിന് വെളിയില്നിന്നുള്ളവരടങ്ങുന്ന സംഘമെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹാരി ബെന്നി പറഞ്ഞു.യാതൊരു കാരണവുമില്ലാതെയാണ് തങ്ങളെ മര്‍ദിച്ചതെന്ന് അഖില്‍ ബേസിലും ഏലിയാസ് എല്‍ദോസും പറഞ്ഞു. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോണം. എസ്എഫ്ഐ, കാന്പസില് തുടര്‍ച്ചയായി അക്രമം അഴിച്ചുവിടുകയാണെന്നും കോളജ് ചെയര്മാന് പറഞ്ഞു.ശനിയാഴ്ച കോളജില്‍ വടംവലി മത്സരത്തിനിടെ കോളജിലെ കായികതാരങ്ങള്‍ ആക്രമണം നടത്തിയെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. ഞായറാഴ്ച കോളജ് ഹോസ്റ്റലിലും ആക്രമണമുണ്ടായിരുന്നു. ഹോസ്റ്റലില്‍ ആക്രമണത്തിനെത്തിയ സംഘം കോന്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹാരി ബെന്നിയുടെ കാര്‍ തകര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചെങ്കിലും കേസെടുത്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഹാരി സ്റ്റേഷനിലെത്തി മടങ്ങിയശേഷമാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്.
കായികാധ്യാപകനായ ഹാരി ബെന്നിക്കുനേരേയുണ്ടായ ആക്രമണത്തില്‍ അധ്യാപകരും അനധ്യാപകരും പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രകടനവും പ്രതിഷേധ യോഗവും നടത്തി. വായ്മൂടിക്കെട്ടിയായിരുന്നു പ്രകടനം. ഡോ. എസ്. സെല്വന്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ടി.ഇ. കുര്യന് എന്നിവര്‍ പ്രസംഗിച്ചു.